മലപ്പുറം: പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തൃശൂർ, കണ്ണൂർ സ്വദേശികളാണ് എല്ലാവരും. ഇവരെ തൃശൂർ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്. സ്വർണം കിട്ടിയിട്ടില്ല. അഞ്ച് പേർ കൂടി സംഘത്തിലുണ്ടെന്നാണ് വിവരം.
പെരിന്തല്‍മണ്ണയില്‍ വ്യാഴാഴ്ച സ്കൂട്ടറില്‍ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന സംഘമാണ് പിടിയിലായത്. സ്കൂട്ടറിൽ പോകുകയായിരുന്ന എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്നാണ് കാറിലുളള സംഘം സ്വർണ്ണം കവർന്നത്. രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. ജ്വല്ലറി മുതൽ തന്നെ കാർ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം പ്രവർത്തിച്ചത്. വീട്ടിലെത്തുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പാണ് ആക്രമണമുണ്ടായത്. സ്കൂട്ടറിന് വാഹനം വിലങ്ങിട്ട് മൂക്കിനിടിച്ചുവീഴ്ത്തി പിറകിലുള്ളയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ഇതിനിടയിൽ മുഖത്തേക്ക് ഒരു സ്പ്രേയടിക്കുകയും ചെയ്തു. ഉടൻ ജ്വല്ലറി അസോസിയേഷൻ ഭാരവാഹികൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് പല സംഘങ്ങളായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. നാല് പേരാണ് വാഹനത്തിലുളളതെന്നാണ് ജ്വല്ലറി ഉടമ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: