ന്യൂദല്‍ഹി: സോളാര്‍ കരാറുകള്‍ നേടാന്‍ 2109 കോടി രൂപ ഗൗതം അദാനി കോഴ നല്‍കിയെന്ന യുഎസ് പ്രോസിക്യൂട്ടറുടെ കുറ്റപത്രം കോണ്‍ഗ്രസിനെ തിരിഞ്ഞുകുത്തുന്നു. കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന സംസ്ഥാനങ്ങള്‍ ആ സമയത്തു ഭരിച്ചത് കോണ്‍ഗ്രസോ സഖ്യകക്ഷികളോ ആണെന്ന് ബിജെപി തിരിച്ചടിച്ചു. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ഇക്കാര്യം എക്സില്‍ കുറിച്ചത്. വിവാദങ്ങളില്‍ പ്രതികരിക്കും മുമ്പ് വസ്തുതകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന ആമുഖത്തോടെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ പോസ്റ്റിന് മറുപടിയായുള്ള മാളവ്യയുടെ കുറിപ്പ്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളില്‍ 2021 ജൂലൈ മുതല്‍ 2022 ഫെബ്രുവരി വരെ ഭരിച്ചിരുന്നത് പ്രതിപക്ഷ പാര്‍ട്ടികളാണെന്ന് മാളവ്യ കുറിച്ചു. കോണ്‍ഗ്രസും സഖ്യകക്ഷികളും ഈ കോഴയുടെ പങ്കുപറ്റിയോ എന്ന് മറുപടി പറയണമെന്നും മാളവ്യ തിരിച്ചടിച്ചു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സാധ്യമായ എല്ലാ നിയമവഴികളും അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനെതിരേ തേടുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. കുറ്റങ്ങള്‍ തെളിവുസഹിതം സ്ഥിരീകരിക്കാത്തിടത്തോളം അദാനി ഗ്രൂപ്പും കേസിലെ ആരോപണ വിധേയരും പൂര്‍ണമായും നിരപരാധികളാണ്. ഉന്നത നിലവാരം പുലര്‍ത്തുന്നതാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തന ഘടന. പൂര്‍ണമായും എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് സുതാര്യമായാണ് പ്രവര്‍ത്തനം. രാജ്യത്തെ എല്ലാ നിയമങ്ങളോടും കൂറുപുലര്‍ത്തിയാണ് ഗ്രൂപ്പ് പോകുന്നതെന്ന് ഓഹരി ഉടമകള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പുനല്‍കുന്നതായും അദാനി ഗ്രൂപ്പ് പറഞ്ഞു.
സോളാര്‍ കരാറുകള്‍ നേടാന്‍ അദാനി ഗ്രൂപ്പ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഏകദേശം 2100 കോടി രൂപ കൈക്കൂലി കൊടുത്തെന്നാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെയും യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന്റെയും ആരോപണം. കൈക്കൂലി നല്കിയതും കരാര്‍ അനധികൃതമായി നേടിയതും മറച്ചുവച്ചും കള്ളം പറഞ്ഞും യുഎസ് നിക്ഷേപകരില്‍ നിന്നും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ഏകദേശം 25,000 കോടി രൂപ സമാഹരിച്ചെന്നുമാണ് ആരോപണം. ഇതു സംബന്ധിച്ച ഇടപാടുകള്‍ ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് പരിധിയില്‍ നടന്നു എന്നതിനാലാണ് അവിടെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: