ന്യൂദല്‍ഹി: കാനഡയില്‍ ഖലിസ്ഥാന്‍ തീവ്രവാദി നിജ്ജാര്‍ വധിക്കപ്പെട്ടത് പ്രധാനമന്ത്രി മോദി അറിഞ്ഞെന്ന കുറ്റപ്പെടുത്തല്‍ കാനഡ നടത്തിയതിന് പിന്നാലെയാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ അദാനി ഗ്രൂപ്പ് കരാര്‍ കിട്ടാന്‍ 26.5 കോടി ഡോളര്‍ കൈക്കൂലി കൊടുത്തതായി ആരോപിച്ചിരിക്കുന്നത്. ഗൗതം അദാനിയ്ക്കെതിരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനിയ്ക്കും വിനീത് ജെയ്നിനെതിരെയും കേസ് എടുത്തതായി പറയുന്നു. പക്ഷെ ഇത് ഒരു സാധാരണ പ്രക്രിയ മാത്രമാണെന്നും ഇന്ത്യയിലെ മാധ്യമങ്ങളും പ്രതിപക്ഷപാര്‍ട്ടികളും ഇതിനെ പെരുപ്പിച്ച് കാട്ടുകയാണെന്നും പറയുന്നു.
ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിയ്ക്കുന്ന കര്‍ണ്ണാടക, തെലുങ്കാന സംസ്ഥാനങ്ങളിലും ഡിഎംകെ ഭരിയ്ക്കുന്ന തമിഴ്നാട്ടിലും പദ്ധതികള്‍ കിട്ടാന്‍ അദാനിയ്ക്ക് കോടികളുടെ കൈക്കൂലി നല്‍കേണ്ടിവരുന്നുണ്ടെന്നും എന്നാല്‍ ഇതിലൊന്നും രാഹുല്‍ ഗാന്ധി കുറ്റക്കാരനല്ല, അതേ സമയം മോദിയാണ് കുറ്റക്കാരന്‍ എന്ന് വരുന്നത് എന്തൊരു വൈരുദ്ധ്യമാണെന്നാണ് സാമൂഹ്യരാഷ്ട്രീയ നിരീക്ഷികനായ ആനന്ദ് രംഗനാഥന് നല്കുന്ന നിരീക്ഷണം.
ഒരേ സമയം രണ്ട് വിദേശരാജ്യങ്ങള്‍ രണ്ട് പേര്‍ക്കെതിരെ ആരോപണം ഉയര്‍ത്തുമ്പോള്‍ തന്നെ പ്രതിപക്ഷം ഇന്ത്യയില്‍ മോദിയെയും അദാനിയെയും ചേര്‍ത്ത് വെച്ച് ഉച്ചൈസ്തരം കുറ്റവിചാരണ നടത്തുന്നു. മഹാരാഷ്ട്രയിലും ഛത്തീസ് ഗഡിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി വിജയിക്കുമെന്ന് വോട്ടെടുപ്പിന് ശേഷമുള്ള അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രണ്ട് വിദേശരാജ്യങ്ങള്‍ വഴി പ്രധാനമന്ത്രിയ്ക്കും അദാനിയ്ക്കും എതിരെ ഏതാണ്ട് ഒരേ സമയം ആരോപണങ്ങള്‍ ഉയരുന്നത്. ഒരു വര്‍ഷം മുന്‍പ് ഹിന്‍ഡന്‍ ബര്‍ഗ് അദാനിയ്ക്കെതിരെ അക്കൗണ്ട് തട്ടിപ്പും ഓഹരി വില ഊതിവീര്‍പ്പിക്കലും ഉള്‍പ്പെടെയുള്ള ഇല്ലാത്ത ആരോപണങ്ങള്‍ ചാര്‍ത്തിയപ്പോള്‍ ഡീപ് സ്റ്റേറ്റ് എന്ന രഹസ്യസംഘത്തിലെ അംഗമായ ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്‍ പറഞ്ഞത് ഒറ്റവാചകമാണ്- “അദാനിയ്ക്കെതിരെ ആരോപണങ്ങള്‍ വന്നതോടെ ഇനി മോദി ദുര്‍ബലനാവും”. അതെ അന്ന് അദാനിയെ വീഴ്ത്തുന്നതിലൂടെ മോദിയെ വളയുക എന്നതായിരുന്നു ഡീപ് സ്റ്റേറ്റിന്റെ ലക്ഷ്യം. ദുര്‍ബലമായ രാജ്യങ്ങളിലെ ശക്തരായ ഭരണാധികാരികളെ അട്ടിമറിച്ച് പാവസര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റി സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യുന്ന ഗൂഢസംഘമാണ് ഡീപ് സ്റ്റേറ്റ്. ഇതില്‍ അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ മുതല്‍ ശതകോടീശ്വരന്മാര്, വിവിധ രാജ്യങ്ങളിലെ ജേണലിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍, എന്‍ജിഒകള്‍ എന്നിവര്‍ അംഗങ്ങളാണ്. ആ ഡീപ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം തന്നെയാണോ ഇന്ത്യയ്ക്കെതിരെ ശക്തമായി നടക്കുന്നത് എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.
മഹാരാഷ്ട്ര, ഛത്തീസ് ഗഡ് വോട്ടെടുപ്പിന് തൊട്ടുമുന്‍പ് വീണ്ടും മണിപ്പൂര്‍ പ്രശ്നം കത്തിക്കാളിയത് എല്ലാവരും കണ്ടതാണ്. ഇതുവരെയുള്ള മണിപ്പൂര്‍ പ്രശ്നങ്ങളില്‍ ഭാഗഭാക്കല്ലായിരുന്ന പ്രദേശത്താണ് ഇക്കുറി അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണെന്ന് വ്യക്തമാണ്. അതിന് ഉദാഹരണമാണ് മണിപ്പൂരിന് സ്വയംഭരണം നല്‍കണമെന്ന് പി.ചിദംബരത്തിന്റെ പ്രസ്താവന. മ്യാന്മറിലെ വിഘടനവാദ നേതാക്കളുമായി കൈകോര്‍ത്ത് നില്ക്കുന് പി.ചിദംബരത്തിന്റെ ചിത്രം മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്ങ് പുറത്തുവിട്ടതോടെ ചിദംബരത്തിന്റെ മുഖം മൂടി അഴിഞ്ഞുവീണിരിക്കുന്നു. ഇതെല്ലാം യാദൃച്ഛികമല്ല, ആസൂത്രിതമാണെന്ന് ഈ സംഭവവികാസങ്ങളുടെ സമയം വ്യക്തമാക്കുന്നു. ഇതും ഇന്ത്യയില്‍ ഒരു സാമൂഹിക കലാപത്തിന് പ്രതിപക്ഷപാര്‍ട്ടികളും എന്‍ജിഒകളും വട്ടംകൂട്ടുന്നു എന്ന റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി മോദി സര്‍ക്കാരിനെതിരെ കാനഡയും യുഎസും കേന്ദ്രീകരിച്ച് വന്ഗൂഢാലോചനകളാണ് നടക്കുന്നത്. ഖലിസ്ഥാന്‍ തീവ്രവാദത്തിനെ എതിര്‍ക്കുന്ന ശക്തമായ സര്‍ക്കാര്‍ എന്ന പ്രതിച്ഛായ സൃഷ്ടിച്ച ശേഷം മോദിയെയും ബിജെപി സര്‍ക്കാരിനെയും സിഖുകാര്‍ക്കെതിരെ തിരിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചതും ചേര്‍ത്തുവായിക്കേണ്ടതാണ്.
എന്തായാലും മോദിയ്ക്കെതിരായ ആരോപണത്തില്‍ കാനഡയ്ക്കെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി പ്രതികരിച്ചു. യുഎസ് നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട് കൈക്കൂലി നൽകിയിട്ടുണ്ടോ എന്ന ആരോപണത്തിൽ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍. ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയായ അസ്യുർ പവർ ഗ്ലോബൽ ലിമിറ്റഡിനേ ചുറ്റിപ്പറ്റിയാണ് അന്വേഷണം. എന്നാൽ അദാനി ഗ്രൂപ്പ് ഇത് നിഷേധിച്ചു.
പക്ഷെ ആരോപണം ഉയര്‍ന്നതോടെ വ്യാഴാഴ്ച മാത്രം വീണ്ടും അദാനി ഗ്രൂപ്പ് ഓഹരികളുടെ വില ഇടിഞ്ഞതിനെതുടര്‍ന്ന് അദാനി ഗ്രൂപ്പിന് 1200 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ഏതാണ്ട് ഹിന്‍ഡന്‍ ബര്‍ഗ് ആരോപണക്കാലത്തുണ്ടായ തിരിച്ചടിക്ക് തുല്യമായ തിരിച്ചടിയാണ് ഓഹരിവിപണിയില്‍ അദാനിയ്ക്ക് ഉണ്ടായിരിക്കുന്നത്. മാസങ്ങളോളം എടുത്താണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപണം വലിച്ചെറിഞ്ഞ ചെളി കഴുകിക്കളയാന്‍ അദാനിയ്ക്കായത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ വമ്പന്‍ തിരിച്ചടി. എന്തായാലും വിദേശത്ത് അദാനിയ്ക്കെതിരെ വന്‍ കരുനീക്കങ്ങള്‍ നടക്കുന്നു എന്ന് വേണം കരുതാന്‍.
ഡമോക്രാറ്റുകളും ജോ ബൈഡനും അധികാരം വിട്ടൊഴിയുകയും പകരം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡൊണാള്‍ഡ് ട്രംപും അധികാരത്തില്‍ വന്നതോടെ ഡീപ് സ്റ്റേറ്റിന് കാര്യമായി ഒന്നും ചെയ്യാനാവില്ല എന്ന പ്രതീതിയാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. മോദി സര്‍ക്കാരിനും അദാനിയ്ക്കും എതിരെ എന്തോ ശക്തമായ നീക്കം നടക്കുന്നു.
ചെയർമാനെതിരെ എന്തെങ്കിലും അന്വേഷണമുള്ളതായി ഞങ്ങൾക്കറിയില്ല എന്നാണ് അദാനി ഗ്രൂപ്പ് നല്കുന്ന വിശദീകരണം. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും അഴിമതി വിരുദ്ധ നിയമങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തനം എന്നും കമ്പനി അധികൃതർ വ്യക്തമാക്കി. എന്നാൽ അദാനിക്കോ കമ്പനിക്കോ എതിരെ കേസ് രജിസ്റ്റര്ർ ചെയ്തിരിക്കുന്നതായി റിപ്പോർട്ടുകളില്ല.
അമേരിക്കൻ നിക്ഷേപകരിൽ നിന്നുൾപ്പെടെ വിവിധ പദ്ധതികൾക്കായി അദാനി ഗ്രൂപ്പ് കമ്പനികൾ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. അമേരിക്കൻ നിക്ഷേപകരുമായോ വിപണികളുമായോ ബന്ധം ഉണ്ടെങ്കിൽ വിദേശ അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്താൻ യുഎസ് നിയമം ഫെഡറൽ പ്രോസിക്യൂട്ടർമാരെ അനുവദിക്കുന്നതിനാലാണ് ഇത്തരമൊരു അന്വേഷണം എന്നും പറയപ്പെടുന്നു..
അതേസമയം, യുഎസ് സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങൾ പോലും അദാനി ഗ്രൂപ്പ് കമ്പനിക്ക് സഹായം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം, യുഎസ് ഇൻ്റർനാഷണൽ ഡെവലപ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ, ശ്രീലങ്കയിലെ അദാനിയുടെ തുറമുഖ ടെർമിനലിനായി സഹായം നൽകിയിരുന്നു. 55.3 കോടി ഡോളർ ആണ് ധനസഹായം നൽകിയത്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്ന് ഒരു വർഷത്തിന് ശേഷമാണ് അദാനിക്കെതിരെ ആന്വേഷണം ആവശ്യപ്പെട്ട് യുഎസ് പ്രോസിക്യൂഷൻ എത്തുന്നത്. ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് തന്നെ മാത്രമല്ല ഇന്ത്യയിലെ ഭരണകൂടത്തെ അപകീർത്തിപ്പെടുത്തുക എന്നതു കൂടെ ലക്ഷ്യമിട്ടാണ് വിവാദ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്ന് ഗൗതം അദാനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍ കഴമ്പില്ലെന്ന് ഇന്ത്യന്‍ സുപ്രീംകോടതി തന്നെ കണ്ടെത്തിയതാണ് കാരണം ആ ആരോപണങ്ങളില്‍ പറഞ്ഞ ചെളിവാരിയെറിയലുകള്ക്കൊന്നും കൃത്യമായ തെളിവുകള്‍ ഇല്ലെന്നതിനാലാണ് സുപ്രീംകോടതി അദാനിയ്ക്കെതിരായ ഈ കേസ് തള്ളിയത്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: