തൃശ്ശൂര്‍: കുന്നംകുളം റോഡിന്റെ ശോചനീയാവസ്ഥ മൂലം ഗതാഗതക്കുരുക്കുണ്ടായാല്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് ഉദ്യോഗസ്ഥരായിരിക്കും ഉത്തരവാദികളെന്ന് കേരള ഹൈക്കോടതി.
തൃശ്ശൂര്‍ കുന്നംകുളം റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം, ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണം, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അഡ്വക്കേറ്റ് ഷാജി കോടങ്കണ്ടത്ത്. അഡ്വ. ഗംഗേഷ് മുഖാന്തിരം കേരള ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജിയിലാണ് ജസ്റ്റി വിജി അരുണ്‍ ഉത്തരവിട്ടത്. കേസ് വാദത്തിന് വന്നപ്പോള്‍ സര്‍ക്കാരും കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റിലെ ഉദ്യോഗസ്ഥരും കൂടി കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങളൊന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ല.
മാത്രമല്ല റോഡിന്റെ പുനരുദ്ധാരണ പണികളുടെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി എന്നും പണികള്‍ 2024 നവംബര്‍ 25 നകം അവസാനിപ്പിക്കും എന്നും കോടതിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
നവംബര്‍ 20 എത്തിയിട്ടും മേല്‍പ്പറഞ്ഞ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ഒന്നുപോലും ചെയ്തുതീര്‍ക്കാനായിട്ടില്ല. മാത്രമല്ല ശബരിമല തീര്‍ത്ഥാടനത്തിനു മുന്‍പേ റോഡിലെ കുഴികള്‍ അടച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു . ഈ ഉത്തരവിലും നടപടി ഉണ്ടായില്ല .
കേരള ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റിലെ ഉദ്യോഗസ്ഥര്‍ ഉത്തരവുകളെ ഗൗരവമായി കണക്കിലെടുത്ത് നടപ്പാക്കിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു . ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കുറ്റം ചുമത്തിയുള്ള പുതിയ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: