ജയ്പൂർ : അജ്മീറിലെ പ്രശസ്തമായ ഹോട്ടൽ ഖാദിമിനെ രാജസ്ഥാൻ സർക്കാർ ‘അജയ്മേരു’ എന്ന് പുനർനാമകരണം ചെയ്തു. സൂഫി സന്യാസിയായ ഖ്വാജ മൊയ്നുദ്ദീൻ ചിസ്തിയുടെ ആരാധനാലയത്തിന് പ്രസിദ്ധമായ ഇവിടം ‘ഖാദിം’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പേരാണ് സർക്കാർ പുനർനാമകരണം ചെയ്തത്.
നഗരത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഔദ്യോഗിക ഉത്തരവ് ഇറക്കിയതെന്ന് സംസ്ഥാന ടൂറിസം കോർപ്പറേഷൻ അറിയിച്ചു. അജ്മീർ നോർത്തിൽ നിന്നുള്ള എംഎൽഎയും അജ്മീർ സ്വദേശിയുമായ നിയമസഭാ സ്പീക്കർ വാസുദേവ് ദേവ്നാനിയുടെ നിർദേശത്തെ തുടർന്നാണ് രാജസ്ഥാൻ ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷൻ തിങ്കളാഴ്ച ഉത്തരവിട്ടത്.
ജില്ലാ കളക്ടറേറ്റിന് എതിർവശത്തുള്ള ഹോട്ടലിന്റെ പേര് മാറ്റാൻ ആർടിഡിസിക്ക് നേരത്തെ നിയമസഭാ സ്പീക്കർ നിർദ്ദേശം നൽകിയിരുന്നതായി അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികൾക്കും ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും ഇടയിൽ പ്രശസ്തമായ ഹോട്ടലിന്റെ പേര് അജ്മീറിന്റെ സമ്പന്നമായ സാംസ്കാരിക ചരിത്രവും പൈതൃകവും സ്വത്വവും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്ന് സ്പീക്കർ പറഞ്ഞു.
അജ്മീറിലെ കിംഗ് എഡ്വേർഡ് മെമ്മോറിയലിന്റെ പേര് ഹിന്ദു തത്ത്വചിന്തകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പേരിൽ പുനർനാമകരണം ചെയ്യാനും സ്പീക്കർ നിർദ്ദേശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കോർപ്പറേഷൻ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം ആർടിഡിസി എംഡി സുഷമ അറോറയാണ് ഹോട്ടൽ ഖാദിമിന്റെ പേര് ‘അജയ്മേരു’ എന്നാക്കി മാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
അജ്മീർ ചരിത്രപരമായി ‘അജയ്മേരു’ എന്നാണ് അറിയപ്പെട്ടിരുന്നത്. പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും ഈ പേര് ഉപയോഗിച്ചിരുന്നു. ‘അജയ്മേരു’ എന്ന പേരിന്റെ വേരുകൾ ഏഴാം നൂറ്റാണ്ടിൽ മഹാരാജാ അജയ്രാജ് ചൗഹാൻ സ്ഥാപിച്ചതു മുതൽ നിലവിലുണ്ട്. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ പുരാതന ചരിത്ര രേഖകളിലും ഭൂമിശാസ്ത്രപരമായ പരാമർശങ്ങളിലും ഈ പേര് ഉപയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: