പിഥൗരാഗഡ്(ഉത്തരാഖണ്ഡ്): സമാജത്തിന്റെ സംഘടിത ശക്തിയിലൂടെ ഭാരതം പൂര്‍വകാല വൈഭവം വീണ്ടെടുക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഉത്തരാഖണ്ഡ് അതിര്‍ത്തിമേഖലയായ മുവാനിയില്‍ ഷേര്‍സിങ് കര്‍ക്കി സരസ്വതി വിഹാര്‍ വിദ്യാലയത്തില്‍ പുതുതായി നിര്‍മിച്ച കെട്ടിടം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ മുറ്റത്ത് അദ്ദേഹം ചന്ദനത്തൈ നട്ടു.
നാട് നന്നാകുമെന്ന സ്വപ്നമാണ് നമ്മളെ ഒരുപോലെ നയിക്കേണ്ടത്. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണം. വിദ്യാഭാരതിയുടെ വിദ്യാലയങ്ങള്‍ ഈ ദിശയില്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. വിദ്യാഭ്യാസം ഉപയോഗിക്കാന്‍ അറിയുന്നവര്‍ക്ക് പ്രയോജനം ചെയ്യും. എന്നാലതില്ലാതെ തന്നെ സമൂഹത്തിന് ദിശാബോധം നല്കിയ മഹദ്വ്യക്തികളുടെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്.
വ്യക്തിക്ക് തന്റെയും കുടുംബത്തിന്റെയും മാത്രമല്ല, മുഴുവന്‍ സമൂഹത്തിന്റെയും പരിപാലനത്തിനുള്ള വിദ്യാഭ്യാസമാണ് വേണ്ടത്. വിദ്യാഭ്യാസം സാധാരണക്കാരുടെ ഉന്നമനത്തിനായി ഉപയോഗിക്കണം. ലോകത്തിലെ ഏത് സര്‍ക്കാരിനും യുവാക്കള്‍ക്ക് 10 ശതമാനം മാത്രമേ തൊഴില്‍ നല്കാന് കഴിയൂ, നൈപുണ്യം ഉപയോഗിച്ച് സ്വയം തൊഴിലുകളും സംരംഭങ്ങളും സൃഷ്ടിക്കാന്‍ കഴിയും, സര്‍സംഘചാലക് പറഞ്ഞു. മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ ഡോ. ഭഗത് സിങ് കോഷിയാരി, ഉത്തരാഖണ്ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി വിസി ഓം പ്രകാശ് സിങ് നേഗി, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്യാം അഗര്‍വാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: