ജിതിന് കെ ജേക്കബ്ബ്
രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ സ്ഥാനമാനങ്ങൾ കിട്ടണം, അല്ലെങ്കിൽ പണം ഉണ്ടാക്കാൻ കഴിയണം, അതിൽ ഒന്നെങ്കിലും ഇല്ലെങ്കിൽ കാര്യമില്ല എന്ന ചിന്തയാണ് പലപ്പോഴും യാതൊരു ധാർമികതയും ഇല്ലാതെ ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിലേക്ക് ഉള്ള ചാട്ടത്തിനുള്ള പ്രധാന കാരണം.
രാഷ്ട്രീയ പ്രത്യയശാസ്ത്രം, പാർട്ടിയോടുള്ള കൂറ് എന്നതൊക്കെ വെറും തമാശകൾ മാത്രമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിത്യ ശത്രുക്കളോ, മിത്രങ്ങളോ ഇല്ല എന്നത് ഒരു വസ്തുതയാണ്. ഇന്നലെ വരെ എന്തിനെയെല്ലാം എതിർത്തോ, അതിനെയെല്ലാം മാറ്റി പറയാനും, ഇന്നലെ വരെ വിശ്വസിച്ച പ്രത്യയശാസ്ത്രത്തെ ചീത്തവിളിച്ചു കൊണ്ട് പുതിയ പ്രത്യയശാസ്ത്രത്തെ പുൽകാനും ഒറ്റ രാത്രി പോലും വേണ്ട..!
പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയ ചില പൊതുപ്രവർത്തകർ ഉണ്ട്. എന്റെ വ്യക്തിപരമായ ജീവിതത്തിൽ നേരിട്ട് കണ്ടറിഞ്ഞ രണ്ട് വ്യക്തികളെ കുറിച്ചും, ഒരു സുഹൃത്ത് പറഞ്ഞ ഒരു രാഷ്ട്രീയ നേതാവിനെ കുറിച്ചും ചുരുക്കി പറയാം.
ഡോക്ടർ സി ഐ ഐസക്ക് സർ – ചരിത്ര പണ്ഡിതൻ, വിദ്യാഭ്യാസ വിദഗ്ധൻ, എഴുത്തുകാരൻ, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ തലവൻ, പേരുകേട്ട പ്രാസംഗികൻ, പദ്മശ്രീ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിത്വം.
കോട്ടയം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 40 വർഷമായി സംഘപരിവാർ സഹയാത്രികൻ ആണ്. ബിജെപി എന്നെങ്കിലും ഇന്ത്യ ഭരിക്കും എന്നൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്തിരുന്ന കാലത്ത് തുടങ്ങിയ സംഘപരിവാർ പ്രവർത്തനം.
ഒരു അഞ്ചു വർഷങ്ങൾക്ക് മുൻപ് കോട്ടയത്ത് ജോലി ചെയ്യുന്ന സമയത്താണ് ഞാൻ സാറിനെ പരിചയപ്പെടുന്നത്. ‘ഭാരതീയ വിചാര കേന്ദ്ര’യുമായി ബന്ധപ്പെട്ട പരിപാടികളിൽ അന്ന് ഞാൻ പങ്കെടുക്കുമായിരുന്നു. ‘വിചാര കേന്ദ്ര’ത്തിന്റെ മിക്കവാറും എല്ലാ യോഗങ്ങളിലും ഒരു കേൾവിക്കാരൻ മാത്രമായി സദസിന്റെ പുറകിൽ ഏതെങ്കിലും ഒരു മൂലയിൽ ഇരിക്കും അദ്ദേഹം. ആര് എന്ത് ചോദിച്ചാലും ഒരു മടിയും കൂടാതെ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരും.
ഒരു ദിവസം ‘വിചാര കേന്ദ്ര’യുടെ പരിപാടി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. വൈകിട്ട് 7 മണി കഴിഞ്ഞു. സാർ താമസിക്കുന്നത് മൂന്ന് – നാല് കിലോമീറ്റർ ദൂരെയാണ്. ഞാൻ പറഞ്ഞു ‘സർ കാർ ഉണ്ട്, ഞാൻ വീട്ടിലേക്ക് ആക്കാം എന്ന്’. സാർ പറഞ്ഞു ‘വേണ്ട ജിതിൻ, ഞാൻ അങ്ങ് നടന്നു പൊയ്ക്കോളാം. എനിക്ക് അതാണ് ശീലം’ എന്ന്.
അന്ന് അദ്ദേഹം നടന്നകലുന്നത് കണ്ട് ഞാൻ ആലോചിച്ചു, ബിജെപി രാജ്യം ഭരിക്കുക ആണ്. സംഘപരിവാറുമായി ബന്ധപ്പെട്ട് ഏതാണ്ട് 40 വർഷമായി പ്രവർത്തിക്കുന്ന ആളാണ് അദ്ദേഹം. എല്ലാവരും ആദരിക്കുന്ന വ്യകതി. ദേശീയ നേതൃത്വവുമായി നല്ല ബന്ധം. വിചാരിച്ചാൽ ഏത് സ്ഥാനവും വേണമെങ്കിൽ ലഭിക്കും. അതിനുള്ള എല്ലാ യോഗ്യതകളും അദ്ദേഹത്തിനുണ്ട്. പക്ഷെ അദ്ദേഹത്തിന് സ്ഥാനമാനങ്ങളോട് താല്പര്യം ഇല്ല. അൽപ്പം അറിവ് ഉണ്ടെങ്കിൽ ലോകം മുഴുവൻ കീഴടക്കി എന്ന് ഭാവിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷെ അദ്ദേഹത്തിന് അങ്ങനെ ഒരു ഭാവവും ഇല്ല. ഉയർന്ന ചിന്ത ലളിത ജീവിതം..
ജോർജ് കുര്യൻ – കോട്ടയത്ത് എന്റെ ഓഫീസിന്റെ മുന്നിൽ ഉള്ള ഒരു ചെറിയ ഇടവഴിയിൽ ഒരു ചെരുപ്പും, ബാഗും ഒക്കെ റിപ്പയർ ചെയ്യുന്ന ഒരു പെട്ടിക്കടയുടെ മുന്നിൽ നിൽക്കുക ആയിരുന്നു ഞാൻ. ഒരാൾ അവിടെ വന്നു ഒരു ട്രാവൽ ബാഗ് തയ്ച്ചത് വാങ്ങിക്കാൻ നിൽക്കുന്നു. ബാഗ് കൊടുത്തുകൊണ്ട് കടക്കാരൻ പറഞ്ഞു ‘ഈ ബാഗ് മുഴുവൻ പഴഞ്ചനായി, ഇനി ഇതിൽ തയ്യ്ക്കാൻ കഴിയില്ല’ എന്ന്. വന്ന ആളെ ശ്രദ്ധിക്കാൻ കാരണം, അദ്ദേഹം ഇടയ്ക്കിടെ ചാനൽ ചർച്ചകളിൽ പ്രത്യക്ഷപ്പെടാറുള്ള ആളാണ്. അതെ, ജോർജ് കുര്യൻ തന്നെ. ഇപ്പോഴത്തെ കേന്ദ്ര മന്ത്രി..!
ഈ ജോർജ് കുര്യൻ സംഘപരിവാർ രാഷ്ട്രീയം തുടങ്ങിയിട്ട് ഏകദേശം 40 വർഷം എങ്കിലും ആയിക്കാണും. കോട്ടയത്തെ ക്രിസ്ത്യൻ കുടുംബത്തിൽ നിന്ന് ഒരാൾ സംഘപരിവാർ പ്രവർത്തനവുമായി നടക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റാത്തിരുന്ന കാലത്താണ് അദ്ദേഹം പ്രവർത്തനം തുടങ്ങിയത്. അദ്ദേഹത്തിന് വട്ടാണ് എന്ന് വരെ പറഞ്ഞ ആളുകൾ അടുത്ത കാലം വരെ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. കാരണം രാഷ്ട്രീയം എന്നാൽ മന്ത്രി ആകുന്നതും, പണം ഉണ്ടാക്കലും ആണ് എന്നാണല്ലോ നമ്മുടെ പൊതുധാരണ.
40 വർഷം മുൻപ് ഒക്കെ ബിജെപി ഇന്ത്യ ഭരിക്കും എന്നൊക്കെ സ്വപ്നം പോലും കാണാൻ പറ്റില്ലല്ലോ. സ്വന്തം പഞ്ചായത്തിൽ പോലും പ്രവർത്തിക്കാൻ ആരും ഇല്ലാതിരുന്നിട്ടും, പരിഹാസങ്ങളും, എതിർപ്പുകളും ഒക്കെ ഉയർന്നിട്ടും ഇക്കാലമത്രയും ഒരേ ഒരു പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ചു അദ്ദേഹം. ഇന്ന് അദ്ദേഹം കേന്ദ്ര മന്ത്രി ആണ്. നാളെ അദ്ദേഹത്തോട് സ്വന്തം വാർഡിൽ പ്രവർത്തിക്കാൻ പറഞ്ഞാൽ ഒരു മടിയും കൂടാതെ മന്ത്രി സ്ഥാനം രാജിവെച്ച് അത് അനുസരിക്കും..
പദ്മ കുമാർ – എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ്. ഒരുകാലത്ത് ബിജെപിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ സ്ഥിരം പങ്കെടുത്തിരുന്ന ആൾ ആയിരുന്നു. കേരളത്തിലെ മാധ്യമങ്ങൾ അദ്ദേഹത്തെ വളരെ ക്രൂരമായി ചർച്ചകളിൽ പരിഹസിക്കുമായിരുന്നു.
അദ്ദേഹത്തെ കുറിച്ച് സുഹൃത്ത് പറഞ്ഞതാണ്, അവന്റെ കുട്ടിക്കാലത്ത് പദ്മ കുമാർ സുഹൃത്തിന്റെ നാട്ടിൽ സംഘടന പ്രവർത്തനത്തിന് ചെല്ലുമായിരുന്നു. കൂടെ ആരുമില്ല, പ്രവർത്തകർ ആയിട്ട് മുന്നോ നാലോ പേർ കാണും. ഇന്നത്തെ ബിജെപി അല്ല അന്ന്. ചായ കുടിക്കാൻ ഉള്ള പണം പോലും ഇല്ല. പക്ഷെ പരാതികളും പരിഭവങ്ങളും ഇല്ലാതെ പാർട്ടിയെ വളർത്താൻ പദ്മ കുമാർ ഒക്കെ വലിയ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും സ്ഥാനമാനങ്ങൾ പാർട്ടിയിൽ ഉണ്ടോ എന്ന് പോലും അറിയില്ല..
പറഞ്ഞു വന്നത് ചില മനുഷ്യർ നമ്മളെ അത്ഭുതപ്പെടുത്തും. അവർക്ക് അങ്ങനെ ആകാൻ എങ്ങനെ കഴിയുന്നു എന്ന് എനിക്ക് അറിയില്ല. ഇതുപോലെ എത്രയോ മനുഷ്യർ..! ഒന്നും നേടാനില്ല, പകരം എതിർപ്പുകളും പരിഹാസങ്ങളും മാത്രമാണ് തിരികെ കിട്ടുക എന്നറിഞ്ഞിട്ടും പ്രത്യയശാസ്ത്രം മുറുകെ പിടിച്ചവർ.. അധികാരം കിട്ടിയപ്പോൾ അവർക്ക് അത് കണ്ട് മത്ത് പിടിച്ചില്ല, ഞങ്ങളുടെ ആയുസ്സിന്റെ നല്ലൊരു പങ്കും ഞങ്ങൾ സംഘടനയ്ക്ക് വേണ്ടി മാറ്റിവെച്ചവരാണ്, ഞങ്ങൾക്ക് സ്ഥാനമാനങ്ങൾ വേണം, ഞങ്ങളെ എല്ലാവരും ബഹുമാനിക്കണം, എല്ലാ വേദികളിലും ഉയർന്ന സ്ഥാനം നൽകി ആദരിക്കണം.. അങ്ങനെ ഒന്നും അവർ പറയില്ല. ഏതെങ്കിലും ഒരു മൂലയിൽ അവർ ഇരുന്നോളും.
അങ്ങനെയും മനുഷ്യർ നമ്മുടെ ചുറ്റിലും ഉണ്ട്. അവരെ ഒരു പക്ഷെ ആർക്കും അറിയില്ലായിരിക്കും. സോഷ്യൽ മീഡിയയിലും, ചാനൽ ചർച്ചകളിലും ഒന്നും അവരെ കണ്ടേക്കില്ല. പക്ഷെ അവരാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. അവരൊക്കെയാണ് യഥാർത്ഥ റോൾ മോഡൽസ്. അങ്ങനെ ഒക്കെ ആകാൻ ശ്രമിക്കാൻ പോലും എനിക്കൊന്നും കഴിയില്ല.
യാതൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ, സ്ഥാനമാനങ്ങൾ മോഹിക്കാതെ, ഭരണത്തിൽ മതിമറക്കാതെ, വിജയത്തിൽ അഹങ്കരിക്കാതെ, പരാജയത്തിൽ തളരാതെ എന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവരൊക്കെ രാജ്യത്തിനും, സമൂഹത്തിനും വേണ്ടി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: