ജോഹന്നാസ്ബര്‍ഗ്: നാലാം ട്വന്റി20യിയല്‍ ദക്ഷിണാഫ്രിക്ക ഭാരതത്തിനോട് വഴങ്ങിയത് അവരുടെ ഏറ്റവും വലിയ ട്വന്റി20 തോല്‍വി. മത്സരം 135 റണ്‍സിന് ജയിച്ച ഭാരതം 3-1ന് പരമ്പര സ്വന്തമാക്കി. ബാറ്റിങ്ങില്‍ സഞ്ജു സാംസണും തിലക് വര്‍മയും സെഞ്ച്വറിയുമായി കസറിയപ്പോള്‍ ബൗളിങ്ങില്‍ പന്തെടുത്ത എല്ലാവരും വിക്കറ്റുവീഴ്‌ത്തി വിജയത്തില്‍ പങ്കാളികളായി.
സ്‌കോര്‍: ഭാരതം- 283/1; ദക്ഷിണാഫ്രിക്ക- 148(18.2 ഓവറില്‍ എല്ലാവരും പുറത്ത്)
ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നില്‍ ഭാരതം വച്ച 284 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ആതിഥേയര്‍ക്ക് ഭാരത പേസര്‍ അര്‍ഷദീപ് സിങ് ആദ്യമേ ആഘാതമേല്‍പ്പിച്ചു. കളി തുടങ്ങി മൂന്നാം പന്തില്‍ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിനെ(പൂജ്യം) ബൗള്‍ഡാക്കി തിരിച്ചയച്ചു. അടുത്ത ഓവറില്‍ മറ്റൊരു ഓപ്പണര്‍ റിക്കെല്‍ട്ടോണിനെ(ഒന്ന്) ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. അര്‍ഷദീപിന്റെ രണ്ടാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദെന്‍ മാര്‍ക്രവും(എട്ട്) പുറത്തായി. തൊട്ടടുത്ത പന്തില്‍ അപകടകാരിയായ ഹെന്റിച്ച് ക്ലാസ്സന്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. റിവ്യൂവിന് അപ്പീല്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. തുടക്കത്തിലേ അര്‍ഷദീപ് മൂന്ന് വിക്കറ്റ് പ്രകടനവുമായി മിന്നിയപ്പോള്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സേ എടുത്തിട്ടുണ്ടായിരുന്നുള്ളൂ.
പിന്നീട് ട്രിസ്റ്റാന്‍ സ്റ്റബ്‌സും(43) ഡേവിഡ് മില്ലറും(36) ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് സ്പിന്നര്‍മാര്‍ തടയിട്ടു. 12-ാം ഓവറിന്റെ അവസാന പന്തില്‍ വരുണ്‍ ചക്രവര്‍ത്തി മില്ലറെ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ സ്റ്റബ്‌സിനെ വീഴ്‌ത്തി രവി ബിഷ്‌നോയി ഭാരതത്തിന്റെ പിടി മുറുക്കി. പിന്നീട് മറ്റ് ബാറ്റര്‍മാരെ കൂട്ടുപിടിച്ച് മാര്‍കോ ജാന്‍സെന്‍(പുറത്താകാതെ 29) പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ടോട്ടല്‍ സ്‌കോര്‍ 100 പിന്നിട്ട ഉടനെ ആന്‍ഡില്‍ സിമെലെയ്‌നെ(രണ്ട്) പുറത്താക്കി വരുണ്‍ രണ്ടാം വിക്കറ്റ് ആഘോഷിച്ചു. ജെറാള്‍ഡ് കൊയെറ്റ്‌സീ(12)യെയും കേശവ് മഹാരാജിനെ(ആറ്)യും അക്ഷര്‍ പട്ടേല്‍ പുറത്താക്കി. 18.2 ഓവറില്‍ നില്‍ക്കെ ലൂതോ സിപമാലയെ(മൂന്ന്) പുറത്താക്കി രമണ്‍ദീപ് സിങ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി.
ട്വന്റി20യില്‍ ഭാരതം സ്വന്തമാക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണിത്. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ ന്യൂസിലന്‍ഡിനെതിരെയും(168 റണ്‍സ്) 2018ല്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരെയും(143) നേടിയതാണ് ഇതിലും വലിയ വിജയങ്ങള്‍. ഭാരതത്തിന് പരമ്പര ഉറപ്പിച്ച മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളില്‍ തുടരെ സെഞ്ച്വറി നേടിയ തിലക് വര്‍മ കളിയിലെയും പരമ്പരയുടെയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: