തിരുവനന്തപുരം: പ്രമേഹരോഗം കണ്ടെത്തിയ ആള്‍ക്കാര്‍ക്ക് വിദഗ്ധമായ ചികിത്സ നല്‍കുന്നതിന് ആരോഗ്യ വകുപ്പിലെ എല്ലാ സ്ഥാപനങ്ങളും സജ്ജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രമേഹ രോഗികള്‍ക്കുണ്ടാകാവുന്ന ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്തുന്നതിനുള്ള ‘നയനാമൃതം പദ്ധതി’ 172 കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ‘ഡയബറ്റിക് ഫൂട്ട്’ അല്ലെങ്കില്‍ ഡയബെറ്റിസ് രോഗികള്‍ക്കുണ്ടാകുന്ന കാലിലെ വ്രണം നേരത്തെ കണ്ടെത്തുന്നതിനായി 84 ആശുപത്രികളില്‍ ബയോതിസിയോ മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുനുപുറമേ എല്ലാ ജില്ലകളിലേയും രണ്ട് പ്രധാന ആശുപത്രികളില്‍ പ്രമേഹത്തിന്റെ എല്ലാ സങ്കീര്‍ണതകളും പരിശോധിക്കുന്നതിന് ആവശ്യമായിട്ടുള്ള സംവിധാനങ്ങള്‍ തയ്യാറാക്കി കൊണ്ട് 360 ഡിഗ്രി മെറ്റബോളിക് സെന്ററുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചു. പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍ ഉള്‍പ്പെടയുള്ള എല്ലാ മരുന്നുകളും സൗജന്യമായി പ്രാഥമികാരോഗ്യ തലം മുതല്‍ നല്‍കി വരുന്നു. ഏകദേശം 21 ലക്ഷത്തോളം വരുന്ന പ്രമേഹരോഗികള്‍ക്ക് ഇതിന്റെ സൗജന്യം ലഭിക്കുന്നുണ്ട്. ടൈപ്പ്1 പ്രമേഹം ബാധിച്ച പ്രമേഹ രോഗികള്‍ക്കും ആരോഗ്യ വകുപ്പിലൂടെ ഇപ്പോള്‍ നൂതന ചികിത്സ നല്‍കി വരുന്നു. പ്രമേഹം ബാധിച്ച ടി.ബി രോഗികള്‍ക്കും, ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന പ്രമേഹത്തിനും ആവശ്യമായ ചികിത്സയും ആരോഗ്യ വകുപ്പ് നല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: