ന്യൂയോര്‍ക്ക്: യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി മുന്‍ യുഎസ് ജനപ്രതിനിധി അംഗമായ തുളസി ഗബ്ബാര്‍ഡിനെ നിയമിച്ചു. അഭിമാനിയായ റിപ്പബ്ലിക്കനാണ് ലഫ്റ്റനന്റ് കേണല്‍ തുള്‍സി ഗബ്ബാര്‍ഡെന്നും അവരെ ഇന്റലിജന്‍സ് ഡയറയക്ടറായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ട്രംപ് അറിയിച്ചു.
തുള്‍സി ഈ സ്ഥാനത്തേക്ക് എത്തുന്നതോടെ രാജ്യത്ത് സമാധാനം ഉറപ്പാകും, ജനങ്ങള്‍ സംശയത്തോടെ വീക്ഷിച്ചിരുന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെ മാറ്റിമറിച്ച് വിശ്വാസം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
21-ാം വയസില്‍ ഹവായിയില്‍ ജനപ്രതിനിധി അംഗമായതോടെയാണ് തുള്‍സിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 9/11 ആക്രമണത്തിന് ശേഷം ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്ന തുള്‍സി ഇറാഖിലും കുവൈത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ അവര്‍ 2020ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് പിന്മാറി. ശേഷം 2022ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ടു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തുള്‍സി ട്രംപിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
യുഎസ് പാര്‍ലമെന്റില്‍ ജനപ്രതിനിധി അംഗമായി തെരഞ്ഞെടുത്തപ്പോള്‍ ഭഗവദ്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് അവര്‍ ചുമതലയേറ്റത്. അമേരിക്കന്‍ സമോവന്‍ വംശജയായ തുളസി ഹിന്ദുവിശ്വാസങ്ങളാണ് പിന്തുടരുന്നത്. തുളസി ഗബ്ബാര്‍ഡിന്റെ അമ്മ കരോള്‍ പോര്‍ട്ടര്‍ ഗബ്ബാര്‍ഡ് ഹിന്ദുമതത്തിന്റെയും സംസ്കാരത്തിന്റെയും കടുത്ത ആരാധികയാണ്. അമേരിക്കയിലെ സമോവയിലെ പ്രധാന ദ്വീപായ ടുടുയ് ലയില്‍ ആണ് തുളസി ഗബ്ബാര്‍ഡിന്റെ ജനനം. ഹിന്ദു സംസ്കാരത്തോടുള്ള അഭിനിവേശം കാരണം ഇവരുടെ രണ്ട് മക്കള്‍ക്കും സംസ്കൃത പേരുകളാണ് നല്‍കിയത്. തുളസി ഗബ്ബാര്‍ഡിന് തുളസി എന്നാണ് പേര് നല്‍കിയത്.
കഴിഞ്ഞ ശ്രീകൃഷ്ണജയന്തി ദിനത്തിലും സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ഇറാഖ് യുദ്ധസമയത്ത് മിഡില്‍ ഈസ്റ്റില്‍ സേവനമനുഷ്ഠിച്ച കാലത്ത് ഉള്‍പ്പെടെ തന്റെ ജീവിതത്തിലുടനീളം കൃഷ്ണന്റെ പല വചനങ്ങളും തനിക്ക് ജീവിതത്തില്‍ ജ്ഞനവും ആത്മീയ ആശ്വാസവും നല്‍കിയിട്ടുണ്ടെന്നും ഗബ്ബാര്‍ഡ് പറഞ്ഞിരുന്നു.
തുള്‍സിയെ കൂടാതെ റിപ്പബ്ലിക്കന്‍ അനുകൂല ചാനലായ ഫോക്സ് ന്യൂസിലെ അവതാരകന് പീറ്റ് ഹെഗ്സെതിനെ പ്രതിരോധ സെക്രട്ടറിയാക്കാനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്. മുന്‍പ് ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഹെഗ്സെത്. അറ്റോര്‍ണി ജനറലായി മാറ്റ് ഗെയ്റ്റ്സ്, സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) മേധാവിയായി ജോണ്‍ റാറ്റ്ക്ലിഫ്, ഇസ്രയേലിലേക്കുള്ള അംബാസഡറായി അര്‍കെന്‍സ മുന്‍ ഗവര്‍ണര്‍ മൈക്ക് ഹക്കബി, പശ്ചിമേഷ്യ പ്രത്യേക പ്രതിനിധിയായി സ്റ്റീവന്‍ വിറ്റ്കോഫ്, ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയായി സൗത്ത് ഡെക്കോത്ത ഗവര്‍ണര്‍ ക്രിസ്റ്റി നോം, സെനറ്റിലെ റിപ്പബ്ലിക്കന്‍ കക്ഷിനേതാവായി സൗത്ത് ഡെക്കോത്തയില്നിന്നുള്ള സെനറ്റര്‍ ജോണ്‍ തൂന് എന്നിവരേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: