പാന്‍ക്രിയാസ് ഗ്രന്ഥിക്ക് ഇന്‍സുലിന്‍ ഹോര്‍മോണ്‍ നിര്‍മിക്കാന്‍ കഴിയാത്തപ്പോഴും, അല്ലെങ്കില്‍ ശരീരത്തിന് പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇന്‍സുലിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തപ്പോഴുമുള്ള അവസ്ഥയില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസ് അളവ് ആരോഗ്യത്തെയും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും.
പ്രമേഹത്തെ കുറിച്ചറിയുക, പ്രമേഹ ലക്ഷണങ്ങളെ കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുക, പ്രമേഹത്തെ പ്രതിരോധിക്കുക, കൃത്യമായ രോഗനിര്‍ണയവും ചികിത്സയും വഴി പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ തടയുക എന്നീ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും 1991 മുതല്‍ നവംബര്‍ 14 ലോക പ്രമേഹ ദിനമായി ആചരിച്ചു വരുന്നത്. ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്റെ 2021ലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു 540 മില്യണ്‍ (ദശലക്ഷം) ലോക ജനത പ്രമേഹ രോഗവുമായി മല്ലിടുന്നു. 20 വയസിനും 79 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 10.5 ശതമാനം പേര് പ്രമേഹ ബാധിതരാണ്, അതില്‍ 50 ശതമാനം പേര്‍ക്കും പ്രമേഹവുമായാണ് ജീവിക്കുന്നതെന്ന് അറിയില്ല. 2045 ആകുമ്പോഴേക്കും, മുതിര്‍ന്നവരില്‍ എട്ടില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഏകദേശം 783 മില്യണ്‍ ജനങ്ങള്‍ പ്രമേഹബാധിതരാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു, ഇത് 46 ശതമാനം വര്‍ധനവാണ്.
പ്രമേഹമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയ-രക്തക്കുഴല്‍ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത 2-4 മടങ്ങ് കൂടുതലാണ്. അതുകൊണ്ടു തന്നെ പ്രമേഹമുള്ളവരിലെ ഏറ്റവും സാധാരണമായ മരണകാരണം ഹൃദ്രോഗമാണ്. പ്രമേഹത്തിന്റെ കൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, അമിതവണ്ണം എന്നീ അപകട സാധ്യതാഘടകങ്ങള്‍ ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
കൊറോണറി രക്തക്കുഴല്‍ ഹൃദ്രോഗങ്ങള്‍, ഹൃദയാഘാതം, പെരിഫറല്‍ രക്തക്കുഴല്‍ രോഗങ്ങള്‍, ഹൃദയത്തിന്റെ മസിലുകളെ ബാധിക്കുന്ന ഡയബറ്റിക്ക് കാര്‍ഡിയോമയോപ്പതി, പക്ഷാഘാതം എന്നിവയാണ് പ്രമേഹം ഹൃദയാരോഗ്യത്തിന് മേല്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണതകള്‍. പ്രമേഹസാധ്യതാ ഘടകങ്ങള്‍ നേരത്തെ തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഹൃദയ സംബന്ധമായ സങ്കീര്‍ണതകളുടെ ആരംഭം തടയുന്നതിനോ കാലതാമസം വരുത്തുന്നതിനോ പ്രധാനമാണ്. പ്രമേഹമുള്ളവരില്‍ മരണകാരണമായി മാറുന്ന അടിയന്തര സങ്കീര്‍ണതകളാണ് ഹൃദയാഘാതവും പക്ഷാഘാതവും. പ്രമേഹം രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും രക്തക്കുഴലുകളുടെ ഭിത്തിയില്‍ കൊഴുപ്പ് അടിയാന് കാരണമാവുകയും ആ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും. ഇത് ഒടുവില്‍ രക്തക്കുഴല്‍ ബ്ലോക്കിനും ഹൃദയാഘാതത്തിനും ഇടയാക്കും. തലച്ചോറിലേ രക്തക്കുഴലുകളില്‍ ബ്ലോക്ക് വന്നു തലച്ചോറിലെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടുമ്പോള്‍ പക്ഷാഘാതം ഉണ്ടാകുന്നു. രക്തക്കുഴലുകളില്‍ രക്തക്കട്ടകള്‍ രൂപപ്പെടാനും രക്തം കട്ടപിടിക്കുന്നതിനും പ്രമേഹം കാരണമാകും. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പുറമേ, പ്രമേഹമുള്ളവര്‍ക്ക് പെരിഫറല്‍ രക്തക്കുഴല്‍ രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്. കൈ-കാലുകളിലേക്കുള്ള രക്തകുഴലുകളില്‍ ബ്ലോക്ക് വരികയും ഇത് വേദന, മരവിപ്പ്, മുറിവ് ഉണങ്ങുന്നത് വൈകല്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. അത് പാദങ്ങളില്‍ ഉണങ്ങാത്ത മുറിവ്, കാല്പാദം മുറിച്ചു മാറ്റല്‍ തുടങ്ങി ഗുരുതര സങ്കീര്‍ണതകളിലേക്ക് നയിക്കും. പ്രമേഹമുള്ളവരില്‍ ഹൃദയത്തിന്റെ മസിലുകളെ ബാധിക്കുന്ന രോഗമാണ് ഡയബറ്റിക് കാര്‍ഡിയോമയോപ്പതി. ഇത് ഹൃദയ തകരാറിന് കാരണമാകും. രക്തത്തിലെ ഉയര്‍ന്ന ഗ്ലുക്കോസ് നില കാരണം ഉണ്ടാകുന്ന ഹൃദയത്തിന്റെ മസിലുകളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയാണ് ഡയബറ്റിക്ക് കാര്‍ഡിയോമയോപ്പതിയിലേക്ക് നയിക്കുന്നത്.
പ്രമേഹവുമായി ജീവിക്കുന്നത് ഹൃദയസംബന്ധമായ സങ്കീര്‍ണതകളുടെ അപകടസാധ്യത വര്‍ധിപ്പിക്കുമ്പോള്‍, ഈ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിനും മാര്‍ഗങ്ങളുണ്ട്. പോഷകസമ്പന്നവും കൊഴുപ്പും കലോറിയും കുറഞ്ഞതുമായ ഭക്ഷണക്രമം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ധമനികളില്‍ അടിയുന്ന കൊഴുപ്പിന്റെ തോത് കുറയ്ക്കാനും സഹായിക്കും. അതുപോലെ ചിട്ടയായ വ്യായാമം ശരീരഭാരം നിയന്ത്രിക്കാനും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉപകരിക്കും. പുകവലിയും മദ്യപാനവും പ്രമേഹമുള്ളവരില്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും, മാറ്റിയെടുക്കാവുന്ന അപകടസാധ്യതാ ഘടകങ്ങള്‍ കൈകാര്യം ചെയ്യുകയും, കൃത്യമായി ആരോഗ്യ പരിശോധനകള്‍ നടത്തുകയും, ആവശ്യമായ ചികിത്സകള്‍ സ്വീകരിക്കുകയും ചെയ്യുന്നത് പ്രമേഹവുമായി ബന്ധപ്പെട്ട ഹൃദയ സംബന്ധമായ സങ്കീര്‍ണതകളുടെ സാധ്യത ഗണ്യമായി കുറയ്ക്കും. പ്രമേഹത്തെക്കുറിച്ചുള്ള അവബോധം പ്രമേഹവും ഹൃദ്രോഗങ്ങളും തമ്മിലുള്ള ബന്ധം അറിയുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍ തടയാനോ കാലതാമസം വരുത്താനോ സഹായിക്കും.
(മലപ്പുറം കാവനൂര്‍ ഡോ.അജയ് രാഘവന്’സ് ക്ലിനിക്കിലെ കാര്‍ഡിയോളജി സ്പെഷ്യല്‍ ഒ.പി. വിഭാഗം ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: