കല്പറ്റ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി എല്‍.ഡി.എഫ്. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തിലാണ് എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പരാതി നൽകിയത്.പള്ളിക്കുന്ന് ക്രൈസ്തവ ദേവാലയത്തില്‍ എത്തിയ പ്രിയങ്ക, വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് പരാതി.
തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമെന്നാണ് ആരോപണം.ദേവാലയത്തിനുള്ളില്‍വെച്ച് പ്രിയങ്ക വോട്ട് അഭ്യര്‍ഥിച്ചെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു. അതേസമയം, വാശിയേറിയ പ്രചാരണത്തിനൊടുവില്‍ വയനാടും ചേലക്കരയും വിധിയെഴുതുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെയാണ്. വയനാട്ടില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ് നടക്കുന്നത്.
പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വയനാടില്‍ 16 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 16.71 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനഅവകാശം വിനിയോഗിക്കും. 2.34 ലക്ഷം വോട്ടര്‍മാരുളള വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും അധികം വോട്ടര്‍മാര്‍.
ചേലക്കയില്‍ രമ്യാ ഹരിദാസും യു ആര് പ്രദീപും കെ ബാലകൃഷ്ണനും ഉള്‍പ്പെടെ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത്. 2.13 ലക്ഷം വോട്ടര്‍മാര്‍ ജനവിധിയില്‍ പങ്കാളിയാകും. 180 പോളിങ് പൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. പ്രചാരണരംഗത്തെ വീറും വാശിയും വോട്ടെടുപ്പിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: