തിരുവനന്തപുരം: ഭരണഘടനയുടെ പരമാധികാരത്തിലാണ് വിശ്വസിക്കുന്നതെന്നും വിശദീകരണം ചോദിക്കാതെ നടപടിയെടുത്തതില്‍ പരാതിയില്ലെന്നും സസ്പെന്‍ഷനിലായ കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത്. സസ്പെന്ഷന് ഓര്‍ഡര്‍ കൈപ്പറ്റുന്നതിനു മുമ്പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്പെന്‍ഷനാണ്. അടുത്ത നടപടിയെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണ് അഭിപ്രായം. ബോധപൂര്‍വം ഒരു ചട്ടവും ലംഘിച്ചിട്ടില്ല. എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. സസ്പെന്ഷന് ഡോക്യുമെന്റ് കണ്ടാലേ കാര്യം വ്യക്തമാകുകയുള്ളൂ. സത്യം പറയാന്‍ രാഷ്ട്രീയലക്ഷ്യം വേണമെന്നില്ല. കേരളത്തിലെ രാഷ്ട്രീയം തനിക്ക് പറ്റിയതാണെന്ന് തോന്നുന്നുണ്ടോയെന്നും പ്രശാന്ത് മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. താന്‍ പോയി വാറോല കൈപ്പറ്റട്ടെയെന്നും പറഞ്ഞാണ് സസ്പെന്ഷന് ഉത്തരവ് കൈപ്പറ്റാന്‍ പ്രശാന്ത് പോയത്.
തിങ്കളാഴ്ചയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ ഫെയ്സ്ബുക്കിലൂടെ വിമര്‍ശിച്ച കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തിനേയും മല്ലൂസ് ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനേയും സസ്പെന്‍ഡ് ചെയ്യുന്നത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും മുഖ്യമന്ത്രി സസ്പെന്‍ഡ് ചെയ്തത്.
ഭരണസംവിധാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന തരത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥനെതിരെ പ്രശാന്ത് നടത്തിയ പരാമര്‍ശങ്ങള്‍ അച്ചടക്കലംഘനം ആണെന്നും പൊതുസമൂഹത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു. ഓള് ഇന്ത്യ സര്‍വീസ് കണ്ടക്ട് റൂളിലെ നിരവധി ചട്ടങ്ങള്‍ പ്രശാന്ത് ലംഘിച്ചുവെന്നും സസ്പെന്ഷന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
കെ. ഗോപാലകൃഷ്ണന്റെ സസ്പെന്ഷന് റിപ്പോര്‍ട്ടില്‍ മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: