തിരുവനന്തപുരം: നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങനെനിക്കൊരു ദുഖസിംഹാസനം നല്‍കീ….. ശ്രീകുമാരന്‍ തമ്പി എഴുതിയ ആരുടെയും ഉള്ളുലയ്‌ക്കുന്ന ശോകമൂകമായ ഈ ഗാനം പിറന്നതിന് പിന്നിലെ അനുഭവങ്ങള്‍ ഈയിടെയാണ് ഒരു അഭിമുഖത്തില്‍ വിദ്യാധരന്‍ മാസ്റ്റര്‍ പങ്കുവെച്ചത്. സംവിധായകന്‍ അമ്പിളിയുടെ ‘വീണപൂവ്’ എന്ന സിനിമയ്‌ക്ക് വേണ്ടി ഉണ്ടാക്കിയതാണ് ഈ ഗാനം.
“വീണപൂവ് എന്ന ഒരു പടമുണ്ട്. ഇതില്‍ ഒരു പാട്ടെഴുതണം എന്ന് പറഞ്ഞ് സംവിധായകന്‍ അമ്പിളി ശ്രീകുമാരന്‍തമ്പിയ്‌ക്ക്. സിറ്റുവേഷന്‍ പറഞ്ഞുകൊടുത്തിരുന്നു”- പഴയ ഓര്‍മ്മ അയവിറക്കി വിദ്യാധരന്‍മാസ്റ്റര്‍ പറയുന്നു. പിന്നീട് ഒരു ഫോണ്‍ വിളി വിദ്യാധരന്‍മാസ്റ്റര്‍ക്ക് വന്നു.. “ഞാന്‍ ശ്രീകുമാരന്‍ തമ്പിയാണ്. അമ്പിളിയുടെ വീണപൂവിലേക്ക് ഒരു വിരഹഗാനം വേണമെന്ന് പറഞ്ഞിരുന്നു. ആ പാട്ടിന്റെ ഒരു നാല് വരി പറയാം.എഴുതിയെടുത്തോളൂ. എന്നിട്ട് അദ്ദേഹം വരികള്‍ പറഞ്ഞു തന്നു.
“നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഖസിംഹാസനം നല്കി,
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന ഭഗ്ന സിംഹാസനം നല്കീ….”
പിന്നീട് തമ്പിച്ചേട്ടന്‍ പറഞ്ഞു. . ഇതിന്റെ പരിപൂര്‍ണ്ണമായ വരികള്‍ ഞാന്‍ ഗോപിയുടെ കയ്യില്‍ കൊടുത്തുവിടാം. ഇത് നേരെ തിരുവനന്തപുരത്ത് പോയി യേശുദാസിനെക്കൊണ്ട് പാടിക്ക്യാ..” – വിദ്യാധരന്‍ മാസ്റ്റര്‍ ആ ഗാനത്തിന്റെ പിറവിയെക്കുറിച്ച് ഓര്‍മ്മിക്കുന്നു.
അന്ന് തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയാത്രയില്‍ സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്ക് ഉറക്കമില്ല, സ്വസ്ഥതയുമില്ല. കയ്യിലിരിക്കുന്നത് ശ്രീകുമാരന്‍തമ്പി എന്ന പ്രസിദ്ധഗാനരചയിതാവ് എഴുതി തന്നെ ഗാനം. ആ വരികള്‍ അപാരമാണെന്ന് വിദ്യാധരന്‍മാസ്റ്റര്‍ക്ക് അറിയാമായിരുന്നു. ഇതിന് ഈ തീവണ്ടിയാത്രയില്‍ ട്യൂണിടണം. തരംഗിണി സ്റ്റുഡിയോയില്‍ യേശുദാസ് എന്ന ഗാനഗന്ധര്‍വ്വന് പാടേണ്ടതാണ് ഈ പാട്ട്. മറ്റന്നാള്‍ യേശുദാസ് പാടേണ്ട പാട്ടാണ്.
വിദ്യാധരന്‍മാസ്റ്റര്‍ക്ക് ഉറക്കമില്ല. “എപ്പോഴും ബാത്ത് റൂമില്‍ പോകണമെന്ന ചിന്ത തന്നെ. പിന്നീട് വന്ന് കയ്യിലിരിക്കുന്ന പാട്ടെഴുതിയ കടലാസ് തുറന്നു നോക്കും. പിന്നെ മടക്കിവെയ്‌ക്കും. വീണ്ടും ബാത്ത് റൂമിലേക്ക്. അര്‍ധരാത്രിയായിട്ടും ഉറക്കമില്ല. ഇങ്ങിനെ തീരുവനന്തപുരത്തെത്തുന്നത് വരെ സ്വസ്ഥയില്ല.” – വിദ്യാധരന്‍ മാസ്റ്റര്‍ ആ കാളരാത്രിയെ വിവരിക്കുന്നത് ഇങ്ങിനെയാണ്.
പല്ലവിയും അനുപല്ലവിയും ഇങ്ങിനെയാണ്.
“മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
മായാമയൂരമിന്നെവിടെ -കല്‍പനാ
മഞ്ജു മയൂരമിന്നെവിടെ
അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
ആഷാഢ പൂജാരിയെവിടെ
അകന്നേ പോയ് മുകില്‍
അലിഞ്ഞേ പോയ്
അനുരാഗമാരിവില്‍ മറഞ്ഞേ പോയ് നഷ്ടസ്വര്‍ഗ്ഗങ്ങളേ….”
ഉള്ളുലയ്‌ക്കുന്ന വരികള്‍. വിദ്യാധരന്‍മാസ്റ്ററുടെ മനസ്സില്‍ തെളിഞ്ഞത് ആഭേരി രാഗത്തിലുള്ള ഒരു ട്യൂണ്‍. “തിരുവനന്തപുരത്തെത്തുമ്പോഴേക്കും പാട്ടിന് ഏതാണ്ട് ഒരു ട്യൂണ്‍ കിട്ടി. അത് മനസ്സിലുറപ്പിച്ചു. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വി.സി. ജോര്‍ജ്ജ് എന്ന ഫ്ലൂട്ടിസ്റ്റിനെ വിളിച്ചു. ജോണ്‍സന്റെ ഗുരുനാഥനാണ്. യേശുദാസിന്റെ ട്രൂപ്പില്‍ 14 വര്‍ഷം വായിച്ചിട്ടുണ്ട്. നീ കീര്‍ത്തി ഹോട്ടലിലേക്ക് വാ എന്ന് പറഞ്ഞു. മെലഡിയും കോഡ് അറേഞ്ച്മെന്‍റുകളും ചെയ്തു. തരംഗിണിയില്‍ പോയി. എല്ലാ ആര്‍ടിസ്റ്റുകളെും വെച്ച് പശ്ചാത്തലസംഗീതം സെറ്റ് ചെയ്തു. യേശുദാസ് എത്തി, പാട്ട് പഠിക്കാനിരുന്നു. ചില ഇടങ്ങള്‍ യേശുദാസിന് തെറ്റിക്കൊണ്ടിരുന്നു. അപ്പോള്‍ യേശുദാസ് എന്നെ വിളിച്ചു. വിദ്യാധരന്‍ ഇങ്ങോട്ട് വരൂ…എന്ന് ഞാന്‍ വോയ്സ് റൂമിലേക്ക് ചെന്നു. വിദ്യാധരന്‍ ഇങ്ങോട്ട് വാ എന്ന് പറഞ്ഞ് ഒരു മൈക്കിന് മുന്നില്‍ നിര്‍ത്തിച്ച് എന്നെക്കൊണ്ടും പാടിച്ചു”. – വിദ്യാധരന്‍മാസ്റ്റര്‍ ആ അനുഭവം വിവരിക്കുന്നു. പാട്ട് കഴിഞ്ഞ് കേട്ടപ്പോഴുള്ള സുഖം ഒന്ന് വേറെത്തന്നെയായിരുന്നുവെന്ന് വിദ്യാധരന്‍മാസ്റ്റര്‍ പറയുന്നു.
ഈയിടെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിദ്യാധരന്‍മാസ്റ്റര്‍ക്ക് കിട്ടിയപ്പോള്‍ ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചത് ’35 കൊല്ലം മുന്‍പ് തരേണ്ട അവാര്‍ഡ് ഇപ്പോള്‍ തന്നു എന്ന് കരുതിയാല്‍ മതി’ എന്നാണെന്ന് വിദൃാധരന്‍ മാസ്റ്റര്‍ പറയുന്നു. 1947 പ്രണയം തുടരുന്നു എന്ന സിനിമയില്‍ പാടിയതിനാണ് ഈയിടെ വിദ്യാധരന്‍ മാസ്റ്റര്‍ക്ക് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. “35 വര്‍ഷം മുന്‍പ് കിട്ടേണ്ട അവാര്‍ഡാണ് ഇത്. ഇപ്പോ ഒരു പാട്ടുകാരനെ കണ്ട് പിടിച്ചിരിക്കുന്നു”- ഇതായിരുന്നു ശ്രീകുമാരന്‍തമ്പിയുടെ പ്രതികരണമെന്ന് വിദ്യാധരന്‍മാസ്റ്റര്‍ പറയുന്നു. അങ്ങിനെ ജീവിതത്തില്‍ പാട്ടിനെ സ്നേഹിക്കുന്ന മലയാളിക്ക് എളുപ്പത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു വിരഹഗാനം പിറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: