ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ച് സൈന്യം. ജമ്മു കാശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.
ഭീകരരില്‍ നിന്നും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് ഭീകരര്‍ ഉള്ളതായി സുരക്ഷാസേന കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സൈന്യം ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തി. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു.
അതേ സമയം ഇന്നലെ ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് ഗ്രാമ പ്രതിരോധ സേനാ ഗാര്‍ഡുകളെ (വിഡിജി) ഭീകരര്‍ വധിച്ചിരുന്നു. ഒഹ്ലി കുന്ത്വാര ഗ്രാമത്തില്‍ താമസിക്കുന്ന മുഹമ്മദ് ഖലീലിന്റെ മകന് നസീര്‍ അഹമ്മദ്, അമര്‍ ചന്ദിന്റെ മകന് കുല്‍ദീപ് കുമാര്‍ എന്നിവരാണ് മരിച്ചത്.
രണ്ട് വിഡിജികളെ അക്രമികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കുന്ത്വാരയിലെ മലമുകളില്‍ വെച്ച് ഭീകരര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ശാഖയായ കശ്മീര്‍ ടൈഗേഴ്സ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
മരിച്ച രണ്ട് വിഡിജികളുടെ ഫോട്ടോയും ഉറുദു ഭാഷയില്‍ എഴുതിയ ഒരു കത്തും സംഘടന പങ്കുവെച്ചിട്ടുണ്ട്. കാശ്മീര്‍ ടൈഗേഴ്സ് ലെറ്റര്‍ ഹെഡില്‍ എഴുതിയ കത്തില്‍, ഗ്രാമ പ്രതിരോധ ഗ്രൂപ്പുകളില്‍ ചേരുന്നത് ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: