വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനായുള്ള പ്രചരണ നേതൃനിരയില്‍ താരമായിരുന്ന സൂസി വില്‍സിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. യു.എസ് ചരിത്രത്തില്‍ ആദ്യമായാണ് വൈറ്റ് ഹൗസിന്റെ ചീഫ് ഓഫ് സ്റ്റാഫായി ഒരു വനിത എത്തുന്നത്. പ്രസിഡന്റിന്റെ ഏറ്റവും അടുത്ത സ്ഥാനം അലങ്കരിക്കുന്നയാളാണ് ചീഫ് ഓഫ് സ്റ്റാഫ്.
പ്രസിഡന്റിന്റെ ഔദ്യോഗിക കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുക, വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരുടെ മൊത്തത്തിലുള്ള ഘടന കൈകാര്യം ചെയ്യുക, രൂപകല്‍പ്പന ചെയ്യുക എന്നിവയാണ് ചീഫ് ഓഫ് സ്റ്റാഫിന്റെ പ്രധാന കര്‍ത്തവ്യങ്ങള്‍.
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാൻ തന്നെ സഹായിച്ചയാളാണ് സൂസി വിൽസ് എന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 2016-ലെയും 2020-ലെയും വിജയകരമായ പ്രചാരണങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു അവർ. സൂസി മിടുക്കിയാണ്. അവളെ എല്ലാവരും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കയുടെ ഭാവിക്കായി സൂസി അശ്രാന്ത പരിശ്രമം തുടരും. അമേരിക്കയുടെ ആദ്യ വനിതാ ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിക്ക് സൂസി അർഹയാണെന്നും ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. സൂസി രാജ്യത്തിന് അഭിമാനമാകുമെന്നതിൽ തനിക്ക് സംശയമില്ല എന്നും ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: