ടൊറന്റോ (കാനഡ): കാനഡയില്‍ ശരിയായ പരിശോധനാ നടപടിക്രമങ്ങള്‍ ഇല്ലെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വിമര്‍ശനത്തെ പിന്തുണച്ച് മുന്‍ ടൊറന്റോ പോലീസ് സര്‍ജന്റ് (ഡിറ്റക്റ്റീവ്) ഡൊണാള്‍ഡ് ബെസ്റ്റ്. ക്രിമിനല്‍ പശ്ചാത്തലവും സംഘടിത കുറ്റകൃത്യങ്ങളുമാണ് വിസ നല്‍കുന്നതിന് കാനഡ പാലിക്കുന്ന മാനദണ്ഡമെന്ന് ഇപ്പോള്‍ മാധ്യമപ്രവര്ത്തകന് കൂടിയായ ഡൊണാള്‍ഡ് ബെസ്റ്റ് എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ഖാലിസ്ഥാനി വിഘടനവാദികള്‍ക്ക് കാനഡയില്‍ രാഷ്ട്രീയ ഇടം ലഭിക്കുന്നതെപ്പറ്റിയുള്ള ഭാരതത്തിന്റെ ആശങ്കകള്‍ ശരിയാണ്. സംഘടിത കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരാണ് ഭാരതത്തില്‍ നില്ക്കാനാവാതെ കാനഡയിലേക്ക് എത്തുന്നത്. ഇത്തരക്കാരെ മതിയായ ഒരു പരിശോധനയും കൂടാതെ സ്വീകരിക്കുകയാണ്, ബെസ്റ്റ് പറഞ്ഞു.
ജസ്റ്റിന് ട്രൂഡോ അധികാരത്തില്‍ വന്നതിനുശേഷം പാര്‍പ്പിടം, സമ്പദ്വ്യവസ്ഥ, സാമൂഹിക സേവനങ്ങള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന അനിയന്ത്രിതമായ കുടിയേറ്റം മൂലം കാനഡയില്‍ അപകടകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ഥിതി പ്രക്ഷുബ്ധമാണ്. 40 ദശലക്ഷത്തോളം ജനസംഖ്യയുള്ള ഒരു രാജ്യത്ത്, രണ്ട് വര്‍ഷത്തിനിടെ ഏകദേശം അഞ്ച് ശതമാനം കുടിയേറ്റക്കാരാണ് വന്നത്. ചില കാരണങ്ങളാല്‍, ഖാലിസ്ഥാനി വിഘടനവാദികള്‍ക്കും സിഖുകാര്‍ക്കും അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി മുനിസിപ്പല്‍, പ്രവിശ്യാ, ദേശീയ തലങ്ങളില്‍ അധികാരവും നല്കി.
ക്രിമിനല്‍ ഇന്റലിജന്‍സ് സര്‍വീസ് കാനഡയുടെ കണക്കനുസരിച്ച്, 2600ലധികം ക്രിമിനല്‍ ഗ്രൂപ്പുകള്‍ കാനഡയില്‍ പ്രവര്‍ത്തിക്കുന്നു. മയക്കുമരുന്ന് വിപണി, അക്രമങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണിവര്‍. ഈ ഭീഷണി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസും (ആര്‍സിഎംപി) അംഗീകരിച്ചതാണ്. എങ്കിലും, സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവര്‍ക്ക് വിസ അനുമതിക്കുന്നതില്‍ കനേഡിയന്‍ സര്‍ക്കാരിന്റെ നിലപാട് അവ്യക്തമാണെന്ന് ബെസ്റ്റ് പറഞ്ഞു.
ഖാലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ കഴിയുന്ന അവസ്ഥയാണ്. ഭാരതം ശിക്ഷിച്ച ഭീകരരുടെ ചിത്രങ്ങളുമായാണ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ആല്‍ബര്‍ട്ടയില്‍ അവര്‍ പ്രകടനം നടത്തിയത്. സാധാരണ കാനഡക്കാര്‍ ഇത്തരക്കാരുടെ ഇടയില്‍ ഞെരുങ്ങിപ്പോവുകയാണ്, ഡൊണാള്‍ഡ് ബെസ്റ്റ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: