തന്റെ ചിത്രം വരച്ച കുഞ്ഞിനെ ചേർത്ത് നിർത്തി മുത്തപ്പൻ. അഭയം തേടിയെത്തുന്നവർക്ക് സാന്ത്വനമാണ് മുത്തപ്പൻ . അതുപോലെ തന്നെ സ്നേഹിക്കുന്നവർക്ക് മുന്നിൽ എന്നും തുണയായി ഒപ്പമുണ്ടാകും മുത്തപ്പൻ . അതിന് ഉദാഹരണമാണ് ഈ ദൃശങ്ങൾ.
പുത്തൂർ ശ്രീ നാറോത്ത് മുണ്ട്യ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ കെട്ടിയാടിയ മുത്തപ്പൻ വെള്ളാട്ടവും തൊട്ടടുത്ത വീട്ടിലെ രണ്ടാം ക്ലാസുകാരൻ നവദേവും തമ്മിലുള്ള സംഭാഷണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അടുത്തവീട്ടിൽ മുത്തപ്പൻ വെള്ളാട്ടമുണ്ടെന്നറിഞ്ഞപ്പോൾ നവദേവ് മുത്തപ്പന്റെ ചിത്രം ക്രയോൺകൊണ്ട് വരച്ചിരുന്നു. ഈ ചിത്രവുമായാണ് അമ്മൂമ്മ ഓമനയോടൊപ്പം നവദേവ് മുത്തപ്പനെ കാണാനെത്തിയത്.
വെള്ളാട്ടം കണ്ടുകൊണ്ടിരിക്കുമ്പോള്‍ വരച്ച മുത്തപ്പനും കാണുന്ന മുത്തപ്പനും ഒരേപോലെയാണോ എന്നറിയാന്‍ നവദേവ് ഇടയ്ക്കിടെ ചിത്രം എടുത്ത് നോക്കുന്നത് മുത്തപ്പന് വെള്ളാട്ടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. വെള്ളച്ചാലിലെ സനീഷ് പണിക്കരായിരുന്നു കോലധാരി.
ഇത് ശ്രദ്ധയിൽപ്പെട്ട മുത്തപ്പൻ വെള്ളാട്ടം കുഞ്ഞിൽ നിന്ന് ചിത്രം വാങ്ങി സംസാരിക്കുന്നതാണ് വീഡിയോ. ‘നീ അങ്ങനെ മറച്ചുവച്ചാൽ ഞാൻ കാണാതെ പോകുമോ..’ എന്ന മുത്തപ്പന്റെ വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
‘അവനവന് ആവുന്നത് പോലെ അല്ലെ.. ഈ പ്രായത്തിൽ ഇത്രയെങ്കിലും ഉള്ളിൽ ഉണ്ടല്ലോ.. ഉള്ളിലുള്ളത് പകർത്താൻ ദൈവികമായ കഴിവ് വേണം. അത് ജന്മസിദ്ധമായി കിട്ടും. മുത്തപ്പനെ കുഞ്ഞ് അത്രമാത്രം ഉള്ളിൽ സ്വീകരിച്ചിട്ടുണ്ട്’ എന്നിങ്ങനെയാണ് മുത്തപ്പന്റെ വാക്കുകൾ.
മുത്തപ്പന്റെ വാക്കുകൾ കേട്ടതിന് പിന്നാലെ കരഞ്ഞ നവദേവിനെ മുത്തപ്പൻ ചേർത്ത് പിടിക്കുന്നുണ്ട്. കുഞ്ഞിനെ മാറോടണച്ചപ്പോള്‍ നവദേവിനൊപ്പം കണ്ടുനിന്നവരും കണ്ണീരണിഞ്ഞു. ഇത്രയും മൂല്യമുള്ളതിന് പകരമൊന്നും തരാന്‍ എന്റെ കൈയിലില്ലെന്ന് മൊഴിചൊല്ലി കൂടുതല്‍ നന്നായി വരക്കാന്‍ അനുഗ്രഹിച്ച് ദക്ഷിണയായി കിട്ടിയതിലെ ഒരു തുക കളർ വാങ്ങാനായി മുത്തപ്പന് കുഞ്ഞിന് നൽകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: