കൊച്ചി : പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്.കേസ് അന്വേഷിച്ച ഡിവൈഎസ്പി ടിഎം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നിവിന്‍ പോളിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി.
കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിവിനെതിരെ തെളിവുകളില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗം നടന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്ന സമയത്ത് നിവിന്‍ ദുബായില്‍ ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ , നിങ്ങളോരോരുത്തരുടെയും പ്രാര്‍ത്ഥനകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് നിവിന്‍ പോളി ഫേസ് ബുക്കില്‍ കുറിച്ചു. തന്നിലേല്‍പ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നന്ദിയെന്ന് നിവിന്‍ കുറിച്ചു.
എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് നിവിന്‍ പോളിക്കെതിരെ ആരോപണം ഉന്നയിച്ചത്.പരാതിയെ തുടര്‍ന്ന് ഊന്നുകല്‍ പൊലീസ് ആണ് നിവിന്‍ പോളി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്തത്.കേസില്‍ ആറാം പ്രതിയായിരുന്നു താരം. കേസ് പിന്നീട്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉണ്ടായ ആരോപണങ്ങള്‍ അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: