ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 മരണം. ഇന്നലെ രാവിലെ ഗഢ്വാളില്‍നിന്ന് കുമാവോണിലേക്ക് പോവുകയായിരുന്ന ബസ് അല്‍മോറ ജില്ലയിലെ മര്‍ച്ചുലയില്‍ വച്ചാണ് അപകടത്തില്‍പ്പെടുന്നത്. 45 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.
രാവിലെ 8.25 ഓടെയായിരുന്നു അപകടം. 200 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. നിരവധി പേര് സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ഒമ്പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് പേരെ വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ എയിംസിലേക്ക് മാറ്റി.
അപകടത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ പോലീസും ദുരന്ത നിവാരണസേനയും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവര്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കുമെന്നും ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണസേനയുടേയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി വരികയാണ്. അവശ്യമെങ്കില്‍ പരിക്കേറ്റവരെ എയര്‍ ലിഫ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പുഷ്കര്‍സിങ് ധാമി പറഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും വീതം നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ സേനയില്‍ നിന്ന് രണ്ട് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുടെ നഷ്ടപരിഹാരം നല്‍കുമെന്നും അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയിട്ടുണ്ട്. പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അമിത്ഷാ എക്സിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: