കോട്ടയം: ശബരിമല മണ്ഡല, മകരവിളക്ക് കാലത്ത് എരുമേലിയിലെ വ്യാപാര സ്ഥാപനങ്ങളിലെ വില ഏകീകരണം വൈകിപ്പിക്കാന്‍ നീക്കം. എരുമേലി ജമാ അത്ത് ആണ് ഏകീകരണത്തെ എതിര്‍ത്ത് രംഗത്തു വന്നിരിക്കുന്നത്. വില ഏകീകരണം നടപ്പാക്കിയാല്‍ വലിയ നഷ്ടം നേരിടേണ്ടി വരുമെന്നാണ് ജമാഅത്തിന്റെ വിശദീകരണം. സ്ഥിതി തുടര്‍ന്നാല്‍ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ഹൈന്ദവ സംഘടനകള്‍ അറിയിച്ചു.
അയ്യപ്പന്മാര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് എരുമേലിയിലെ വില. തോന്നും വിധത്തിലാണ് ആചാരാനുഷ്ഠാനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് വില ഈടാക്കുന്നത്. പേട്ട തുള്ളലിന് ഉപയോഗിക്കുന്ന കച്ച, ഗദ, വാള്‍ തുടങ്ങിയ വസ്തുക്കള്‍ക്ക് കൊള്ളവിലയാണ് ഈടാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. അയ്യപ്പന്മാരെ കൊള്ളയടിക്കുന്ന സമീപനത്തിന് അറുതി വരുത്തണമെന്നും വിലയില്‍ ഏകീകരണം നടപ്പാക്കണമെന്നും വര്‍ഷങ്ങളായി ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെടുന്ന കാര്യമാണ്.
ഇത്തവണ വില ഏകീകരണം നടത്തുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിന് മുന്നോടിയായി എരുമേലിയില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തീവെട്ടിക്കൊള്ള നടക്കുന്ന കാര്യം ഹൈന്ദവ സംഘടനകള്‍ ഉന്നയിച്ചത്.
കോട്ടയം ആര്‍ഡിഒയെ ഇതിന്റെ തുടര്‍നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് വിവിധ വകുപ്പുകളുടെയും വ്യാപാരികളുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന യോഗത്തിലാണ് എരുമേലി ജമാഅത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചത്.
എരുമേലിയിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും ജമാഅത്തിന് കീഴിലാണ്. വര്‍ഷാവര്‍ഷം ലേലത്തിന് കൊടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ എരുമേലിയിലുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം നേരത്തെ തന്നെ വലിയ തുകയ്‌ക്ക് ലേലത്തില്‍ പോയെന്നാണ് ജമാഅത്ത് പറയുന്നത്. വില ഏകീകരണം നടപ്പിലാക്കിയാല്‍ വലിയ നഷ്ടം നേരിടേണ്ടി വരുമെന്നും അവര്‍ വിശദീകരിക്കുന്നു. ഇന്ന് ചേരുന്ന യോഗത്തിലും സമാനമായ രീതിയിലുള്ള തീരുമാനം സ്വീകരിക്കുകയാണെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഹൈന്ദവ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: