തൃശൂര്‍: കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയെ സമ്പൂര്‍ണ സര്‍വകലാശാല ആക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ ഒഫ് ലിബറല്‍ ആര്‍ട്സ് തുടങ്ങും. ബിരുദ കോഴ്സുകള്‍ക്കൊപ്പം മോഹിനിയാട്ടം, പാട്ട്, കഥകളി, ഉപകരണസംഗീതം തുടങ്ങി കലാവിഷയം കൂടി പഠിക്കാനാകും. തൊഴില്‍ സാദ്ധ്യതയും വര്‍ദ്ധിക്കും. ഇതു സംബന്ധിച്ച രൂപരേഖ കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായ്, വി.സി ഡോ. ബി. അനന്തകൃഷ്ണന് എന്നിവര്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. താമസിയാതെ അംഗീകാരം ലഭിച്ചേക്കും.
രാജസ്ഥാനിലെ അമിറ്റി, ഹരിയാനയിലെ അശോക തുടങ്ങിയ സ്വകാര്യ സര്‍വകലാശാലകള്‍ ഇത്തരം കോഴ്സുകള്‍ വിജയകരമായി നടത്തുന്നുണ്ട്. അടുത്ത വര്‍ഷം നാലുവര്‍ഷ ബിരുദ കോഴ്സ് തുടങ്ങാനും പദ്ധതിയുണ്ട്.
കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയെ സമ്പൂര്‍ണ സര്വകലാശാലയാക്കുന്നതിനായി നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ആക്ടിന്റെ കരട് രൂപം സാംസ്കാരിക വകുപ്പ് തയ്യാറാക്കുന്നുണ്ട്. അക്കാദമിക് കാര്യങ്ങള്‍ ഉള്‍പ്പെടെ ആക്ടില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച രൂപരേഖ രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും.
കെട്ടിടങ്ങളില്‍ ഉള്‍പ്പെടെ കലാമണ്ഡലത്തിന്റെ തനിമ നഷ്ടപ്പെടാതെയാകും വികസനം. ഇതിനായി മുന്‍ വി.സി എം.വി. നാരായണന്, മുന്‍ പ്രിന്‍സിപ്പല്‍ എം.പി.എസ് നമ്പൂതിരി എന്നിവരെയും വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.
കലാമണ്ഡലം പരിസരത്തും മറ്റുമായി 25 ഓളം ഏക്കര്‍ സ്ഥലം കണ്ടെത്തിയതു സംബന്ധിച്ച് റവന്യൂ വകുപ്പിന് വിവരം കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: