കലാമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കി വാണിജ്യ സിനിമയുടെ വളയം പിടിച്ച് ഒരുപാട് ഹിറ്റ് സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച ഹിറ്റ്മേക്കര് ഐ.വി. ശശിയുടെ വേര്പാടിന് ഏഴു വര്‍ഷം. 2017 ഒക്ടോ. 24 ന് 69-ാം വയസില്‍ ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. പ്രേംനസീറും, മധുവും നായകരായി വെള്ളിത്തിരയില്‍ പ്രേക്ഷകരുടെ മനംനിറച്ചിരുന്ന കാലഘട്ടത്തില്‍, വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ചിരുന്ന കെ.പി. ഉമ്മറിനെ 1975 ല്‍ ഉത്സവമെന്ന തന്റെ ആദ്യ ചിത്രത്തില്‍ നായകനാക്കി മലയാള സിനിമയില്‍ പുത്തന്‍ വിപ്ലവത്തിന് ഐ.വി. ശശി തുടക്കമിട്ടു. സംവിധായകനായി ഒരു വെള്ളത്തൊപ്പിയും വച്ച് കയറിവന്ന കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഇരുപ്പംവീട് ശശിധരനെന്ന ഐ.വി. ശശി, ഉത്സവത്തിലൂടെ മലയാള സിനിമയിലെ പഴഞ്ചന്‍ ചേരുവകളെ മുഴുവന്‍ മാറ്റിമറിച്ചു. അതോടെ ‘ഉത്സവം’ എന്ന ചിത്രം, മലയാളത്തില്‍ ഒരു സുവര്‍ണ കാലഘട്ടത്തിന്റെ തുടക്കമായെന്ന് കാലം അടയാളപ്പെടുത്തി. ഉത്സവത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ ശശി, തുടര്‍ന്നങ്ങോട്ട് സൂപ്പര്‍ സംവിധായകനെന്ന മേല്‍വിലാസത്തോടെ മലയാള സിനിമയില്‍ നിറഞ്ഞാടി.
കഥകള്‍ക്ക് ആധാരമായി ജീവിതാനുഭവങ്ങളെ കൂട്ടുപിടിച്ച് ജീവന് തുടിക്കുന്ന കഥാപാത്രങ്ങള്‍ തുടര്‍ന്നുള്ള കാലം അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു. സംവിധാനം ചെയ്ത ഓരോ സിനിമയും ആള്‍ക്കൂട്ടത്തെ തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ചു. ശൈലിയിലും, സംവിധാന മികവിലും ഓരോ ഷോട്ടുകളും മലയാള സിനിമാ ചരിത്രത്തില്‍ വേറിട്ടു നിന്നു. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയ ശശിയുടെ തുടക്കം 1968 ല്‍ എ.ബി. രാജിന്റെ ‘കളിയല്ല കല്യാണം’ എന്ന സിനിമയില്‍ കലാ സംവിധായകനായിട്ടായിരുന്നു.
ഛായാഗ്രഹണ സഹായി, സഹ സംവിധായകന് തുടങ്ങിയ മേഖലകളില്‍ നിന്നു നേടിയ അനുഭവസമ്പത്തുമായി തുടര്‍ന്ന് സംവിധായകന്റെ കുപ്പായമിട്ടു. പിന്നീട് വന്ന തന്റെ ഓരോ സിനിമകളെയും അദ്ദേഹം ആഘോഷമാക്കി. 1976-77 ല്‍ മലയാളത്തിലെ ആദ്യത്തെ ‘എ’ വിഭാഗത്തില്‍പ്പെട്ട സിനിമയായി പുറത്തിറങ്ങിയ ‘അവളുടെ രാവുകള്‍,’ കരിയറിലെ സുപ്രധാന വഴിത്തിരിവായി. ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴിതെറ്റിക്കാതെ കലാമൂല്യത്തിന് മുന്‍തൂക്കം നല്കി മലയാള സിനിമയില്‍ കൊടുങ്കാറ്റുയര്‍ത്തിയ ‘അവളുടെ രാവുകള്‍,’ തിയേറ്ററുകളില്‍ പണം വാരിക്കൂട്ടി. അതിനുശേഷം ഇറങ്ങിയ ഓരോ സിനിമയും വാണിജ്യമേഖലയില്‍ മുതല്‍ക്കൂട്ടായി. സുകുമാരന്‍, സോമന് തുടങ്ങിയ താരനിരയ്ക്ക് വ്യക്തമായ മേല്‍വിലാസം നേടിക്കൊടുത്തു.
1970, 80, 90 കളില്‍ മലയാള സിനിമയെ അദ്ദേഹം ഉള്ളം കയ്യിലിട്ട് അമ്മാനമാടി. ‘അ’ എന്ന അക്ഷരത്തില്‍ തുടങ്ങുന്നതായിരുന്നു കൂടുതല്‍ ചിത്രങ്ങളും. ഫ്രെയിം നിറഞ്ഞുനില്ക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കൊപ്പം ഈ മനുഷ്യന് കിതപ്പില്ലാതെ മലയാള സിനിമയില്‍ 30 വര്‍ഷത്തിലേറെ വിശ്രമമില്ലാതെ ഓടി. ഫ്രെയ്മില് ആള്‍ക്കൂട്ടത്തെ നിറച്ചുള്ള ചിത്രീകരണം, അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളിലും വേറിട്ട കാഴ്ച്ചയായിരുന്നു. അതില്‍ ആനന്ദം കണ്ടെത്തിയ അദ്ദേഹത്തിന്റെ ആള്‍ക്കൂട്ട സൃഷ്ടിയില്‍ ഈ നാട്, 1921, അങ്ങാടി, ഏഴാംകടലിനക്കരെ, അതിരാത്രം, ഇന്‍സ്പെക്ടര്‍ ബല്‍റാം, അടിമകള്‍ ഉടമകള്‍, അബ്കാരി, ആവനാഴി തുടങ്ങിയ സിനിമകള്‍ വാണിജ്യ നേട്ടം കൈവരിച്ചു. അതിനുള്ള അദ്ദേഹത്തിന്റെ അപാരമായ കഴിവാണ് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ചതും. മലയാളത്തിന് പുറമെ ‘പകലില്‍ ഒരു ഇരവ്’ തുടങ്ങി എട്ട് തമിഴ് സിനിമകളും, ഒന്നിലേറെ ഹിന്ദി, തെലുങ്ക് സിനിമകളും സംവിധാനം ചെയ്തു. 1975 ലെ ഉത്സവത്തിലൂടെ തുടങ്ങി 2009 ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവ്വല്‍ വരെ വിവിധ ഭാഷകളിലായി 150 ലേറെ ഐ.വി. ശശി ചിത്രങ്ങള്‍ മലയാളക്കര നെഞ്ചോട് ചേര്‍ത്തു. അവാര്‍ഡുകള്‍ക്ക് നേരെ മുഖം തിരിച്ചിട്ടും, അംഗീകാരങ്ങള്‍ തേടിയെത്തി. 1982 ല്‍ ‘ആരൂഢ’ ത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ്, രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ്, 2013 ഏപ്രില്‍ 19 ന് കോഴിക്കോട് നടന്ന ഉത്സവ് 2013 പരിപാടിയില്‍ കമലഹാസനും, മോഹന്‍ലാലും, മമ്മൂട്ടിയും ചേര്‍ന്ന് നല്കിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ,് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ്, 2014 ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരം തുടങ്ങി ഒട്ടനവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് മലയാള സിനിമയുടെ കടിഞ്ഞാണ്‍ നിയന്ത്രിച്ച ശശിയുടെ ഓരോ സിനിമയും മലയാളികളുടെ മനസിന്റെ മണിച്ചെപ്പില്‍ അപൂര്‍വ്വ നിധിയായി ഇന്നും നിറശോഭയില്‍ തെളിഞ്ഞുനില്ക്കുന്നു. ‘ഇതാ ഇവിടെ വരെ’ യുടെ സെറ്റില്‍ വച്ച് പരിചയപ്പെട്ട സീമയെ അദ്ദേഹം ജീവിതസഖിയുമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: