ന്യൂദല്‍ഹി: ഐപിഎല്‍ വരും സീസണിലേക്ക് ഫ്രാഞ്ചൈസികളില്‍ നിലനിര്‍ത്തേണ്ടതും ഒഴിവാക്കേണ്ടതുമായ താരങ്ങളെ പ്രഖ്യാപിച്ചു. ഓരോ ഫ്രാഞ്ചൈസികളുമാണ് ആരെയെല്ലാം നിലനിര്‍ത്തണമെന്നും ഒഴിവാക്കണമെന്നും നിശ്ചയിച്ചത്. ഏറ്റവും കൂടുതല്‍ മൂല്യത്തോടുകൂടി ടീമില്‍ സ്ഥാനം ഉറപ്പിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഹെന്റിച്ച് ക്ലാസ്സെന്‍ ആണ്. 23 കോടി രൂപയ്‌ക്ക് താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തി. രണ്ടാമതുള്ളത് ഭാരതത്തിന്റെ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും വെസ്റ്റിന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പൂരനുമാണ്. 21 കോടി വീതം നല്‍കി കോഹ്‌ലിയെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പൂരനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും നിലനിര്‍ത്തി.
ഐപിഎലിന്റെ പുതുക്കിയ നിയമം പ്രകാരം ഭാരതത്തിന്റെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി അണ്‍കാപ്പ്ഡ് പ്ലേയര്‍ ആയി ആണ് ടീമിലടം നേടിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിരമിച്ച് അഞ്ച് വര്‍ഷം പിന്നിട്ട താരങ്ങള്‍ സ്വാഭാവികമായും അണ്‍കാപ്പ്ഡ് പ്ലേയര്‍ ആയി മാറും. നാല് കോടി രൂപയേ അണ്‍ക്യാപ്പ്ഡ് പ്ലേയര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നല്‍കേണ്ടി വരികയുള്ളൂ. അതേ സമയം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റവും കൂടുതല്‍ വില നല്‍കി നിലനിര്‍ത്തിയ താരങ്ങള്‍ രവീന്ദ്ര ജഡേജയും റുട്ടുരാജ് ഗെയ്ക് വാദും ആണ്. ഇരുവരും 18 കോടികള്‍ വീതം ഉറപ്പാക്കി. മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ നായക പദവിയില്‍ നിലനിര്‍ത്തി. അതേസമയം രോഹിത്തിനെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുംബൈ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച് നിലനിര്‍ത്തിയ താരം ജസ്പ്രീത് ബുംറയെ(18 കോടി) ആണ്.
മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി തുടരും. ടീമില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം ഏറ്റവും കൂടുതല്‍ വില നല്‍കിയാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ഇരുവര്‍ക്കും 18 കോടി വീതമാണ് ക്ലബ്ബ് നല്‍കുക.
ഒഴിവാക്കപ്പെട്ട താരങ്ങളില്‍ പ്രമുഖര്‍ ഋഷഭ് പന്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെ.എല്‍. രാഹുല്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഐപിഎല്‍ ലേലത്തിന്റെ ചിരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്‌ക്ക് കരാര്‍ ഒപ്പുവച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീം ഒഴിവാക്കിയത് ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: