ന്യൂദൽഹി : ദീപാവലി ആഘോഷ തിരക്കിനിടയിൽ യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഇന്ത്യൻ റെയിൽവേ മന്ത്രാലയം അറിയിച്ചു.
ദീപാവലി, ഛത്ത് ഉത്സവ സമയങ്ങളിൽ ഇന്ത്യയിലുടനീളമുള്ള ആളുകളെ കൊണ്ടുപോകുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ നവരാത്രി, ദുർഗാ പൂജ സമയങ്ങളിൽ സമാനമായ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കാൻ റെയിൽവെയ്‌ക്ക് സാധിച്ചു. ഈ സാഹചര്യത്തിൽ ദീപാവലിക്കും വരാനിരിക്കുന്ന ഛത്ത് ആഘോഷങ്ങൾക്കും യാത്രക്കാരെ അവരുടെ ജന്മസ്ഥലങ്ങളിലെത്തിക്കാൻ സഹായിക്കുന്നതിന് ഇന്ത്യൻ റെയിൽവേ ഇപ്പോൾ പൂർണ്ണമായും തയ്യാണെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.
റെയിൽവേ പരിസരത്ത് സംശയാസ്പദമായ എന്തെങ്കിലും വസ്തുക്കൾ കണ്ടാൽ ഹെൽപ്പ് ലൈൻ നമ്പറായ 139, റെയിൽമദദ് പോർട്ടൽ എന്നിവ ഉപയോഗിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ അറിയിക്കണമെന്നും യാത്രക്കാരോട് റെയിൽവെ ആവശ്യപ്പെട്ടു. കൂടാതെ ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ ട്രെയിൻ യാത്രകൾ ഉറപ്പാക്കാൻ ആർപിഎഫ് ശക്തമായ സുരക്ഷാ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്.
ഇതിനു പുറമെ റെയിൽവേയിലെ വിവിധ പങ്കാളികളുമായി സഹകരിച്ച് ലഘുലേഖകൾ വിതരണം ചെയ്തും പോസ്റ്ററുകൾ പ്രദർശിപ്പിച്ചും ആകർഷകമായ തെരുവ് നാടകങ്ങൾ അവതരിപ്പിച്ചും പൊതു അറിയിപ്പുകൾ സംപ്രേക്ഷണം ചെയ്തും ആർപിഎഫ് ബോധവൽക്കരണ കാമ്പയിൻ നടത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ തീപിടുത്ത സാധ്യതകൾ തടയുന്നതിനായി നിരവധി പരിശോധനകൾ ഒക്ടോബർ 15 മുതൽ നടക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതേ സമയം അപകടകരമായതും തീപിടിക്കുന്നതുമായ വസ്തുക്കൾ കൈവശം വച്ചതിന് ഇതുവരെ 56 വ്യക്തികൾക്കെതിരെ റെയിൽവേ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും ട്രെയിനുകളിൽ പുകവലിച്ചതിന് 550 പേർക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും റെയിൽവെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: