തിരുവനന്തപുരം: കൂറുമാറാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് എന്‍സിപി. നാലംഗ കമ്മീഷനാണ് അന്വേഷണ ചുമതല.
പി എം സുരേഷ് ബാബു, ലതിക സുഭാഷ്, കെ ആര് രാജന്, ജോബ് കാട്ടൂര്‍ എന്നിവരാണ് കമ്മീഷന് അംഗങ്ങള്‍.പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പാര്‍ട്ടി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ആരോപണത്തില്‍ എന്‍സിപി പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല.
എന്‍ സി പി എം എല്‍ എ തോമസ് കെ തോമസാണ് 100 കോടി വാഗ്ദാനവുമായി എം എല്‍ എ മാരായ ആന്റണി രാജുവിനെയും കോവൂര്‍ കുഞ്ഞുമോനെയും സമീപിച്ചതെന്നാണ് ആരോപണം. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കോഴ ആരോപണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
അതേസമയം ആരോപണം തോമസ് കെ തോമസ് നിഷേധിച്ചു.കോവൂര്‍ കുഞ്ഞുമോനും ആരോപണം നിഷേധിച്ചു. എന്നാല്‍ ആന്റണി രാജു ആരോപണം നിഷേധിച്ചിട്ടില്ല.
താന്‍ മന്ത്രിയാകുന്നത് തടയാന്‍ ആന്റണി രാജുവിന്റെ നീക്കമാണ് ആരോപണത്തിന് പിന്നിലെന്നാണ് തോമസ് കെ തോമസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: