കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ പ്രതി പിപി ദിവ്യക്കായി ഇന്ന് ജാമ്യഹര്‍ജി നല്‍കില്ലെന്ന് സൂചന. ബുധനാഴ്ച തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കാനാണ് നീക്കം. അതേസമയം, അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയ ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേട്ടിന് മുന്നില്‍ ഇന്ന് ഹാജരാക്കും. നിലവില്‍ പൊലീസ് കസ്റ്റഡിയിലുളള ദിവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിവ്യയെ എത്തിച്ചത്.
പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം കണ്ണപുരം പൊലീസ് സ്റ്റേഷന് സമീപം എത്തിയ ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷന് പരിസരത്ത് കാത്തുനിന്ന എസി പിയും സംഘവും ബന്ധുക്കള്‍ക്കൊപ്പം എത്തിയ ദിവ്യയെ കസ്റ്റഡിലിലെടുക്കുകയായിരുന്നു. പയ്യന്നൂരില്‍ നിന്നാണ് ദിവ്യ എത്തിയതെന്നാണ് അറിയുന്നത്.ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിച്ചിരുന്നു.
പ്രോസിക്യൂഷന് കോടതിയില്‍ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാന്‍ കാരണം. കുറഞ്ഞത് 10 തവണ വിധിപ്പകര്‍പ്പില്‍ പ്രൊസിക്യൂഷനെ കോടതി പരാമര്‍ശിച്ചിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട് വൈകാതെ തന്നെ ധാരണ പ്രകാരം ദിവ്യ കീഴടങ്ങാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിട്ടുളളത്. എഡിഎം നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: