കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിന്റെ വിധി ഇന്ന്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ആണ് വിധി പറയുന്നത്. നിരോധിത തീവ്രവാദ സംഘടനയായ ബേസ്മൂവ്മെന്റ് ഭീകരവാദികളും തമിഴ്നാട് മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരിംരാജ (33), ദാവൂദ് സുലൈമാന്‍ (27), ഷുസുദ്ദീന്‍ (28) എന്നിവരാണ് കേസിലെ പ്രതികള്‍. അഞ്ചാം പ്രതി മുഹമ്മദ് ആയൂബ് മാപ്പ് സാക്ഷിയായി.
2016 ജൂണ്‍ 15ന് രാവിലെ 10.50ന് ആയിരുന്നു സ്ഫോടനം. കളക്ടറേറ്റ് പരിസരത്തെ ജില്ലാ ട്രഷറിക്ക് പിന്‍വശത്ത് മുന്‍സിഫ് കോടതിക്ക് മുന്നിലായി ഉപയോഗിക്കാതെ ഇട്ടിരുന്ന തൊഴില്‍വകുപ്പിന്റെ ജീപ്പില്‍ ചോറ്റുപാത്രത്തില്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. പരിസരത്തു നിന്ന കുണ്ടറ പേരയം സ്വദേശി സാബുവിന് (60) സ്ഫോടനത്തില്‍ മുഖത്ത് പരിക്കേറ്റു.
ഉഗ്രശബ്ദത്തോടെയും തീവ്രപ്രകാശത്തോടെയും സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അലൂമിനിയം പൗഡറും ഗണ്‍ പൗഡറും ഉപയോഗിച്ച് നിര്‍മിച്ച സ്റ്റീല്‍ ബോംബ് ടൈമര്‍ ഉപയോഗിച്ചാണ് പൊട്ടിച്ചത്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 15 ബാറ്ററികളും 17 ഫ്യൂസ് വയറുകളും ബാഗും പോലീസ് കണ്ടെടുത്തു. കുട്ടികള്‍ ഉപയോഗിക്കുന്ന ടിന് ബോക്സില്‍ ഘടിപ്പിച്ച നിലയിലായിരുന്നു ബോംബ്.
കളക്ടറേറ്റിലേക്ക് ജനങ്ങള്‍ എത്തുന്ന ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനം. രണ്ടാം പ്രതി ഷംസൂണ്‍ കരിംരാജയാണ് കളക്ടറേറ്റ് വളപ്പില്‍ ബോംബ് വച്ചത്. തമിഴ്നാട്ടില്‍ നിന്ന് ബസില്‍ കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയ ശേഷം അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ കളക്ടറേറ്റ് വളപ്പില്‍ എത്തി ബോംബ് വയ്ക്കുകയായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ഇപ്പോള്‍ പ്രതികള്‍.
കൊല്ലം മുന്‍ എസിപി ജോര്‍ജ് കോശിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആര്. സേതുനാഥ്, പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ഷാനവാസ് എന്നിവരാണ് കോടതിയില്‍ ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: