തൊടുപുഴ: വൈദ്യുതി ഉത്പാദനത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മുടങ്ങി കിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. രാമക്കല്‍മേട്, അട്ടപ്പാടി, പാപ്പന്‍പാറ, മാമൂട്ടിമേട് കഞ്ചിക്കോട് എന്നിവിടങ്ങളില്‍ കാറ്റാടി പാടങ്ങളുടെ സാധ്യതകള്‍ പരിശോധിക്കും. കടല്‍ തീരം ഉപയോഗപ്പെടുത്തി ഓഫ് ഷോര്‍ കാറ്റാടി പാടങ്ങളുടെ സാധ്യതകള്‍ തേടും.
പുരപ്പുറ സോളാര്‍ നിലയങ്ങളിലൂടെ 900 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട്. ആറ് വര്‍ഷത്തിനുള്ളില്‍ അത് 3000 മെഗാവാട്ടായി ഉയര്‍ത്തും. മഞ്ഞപ്പാറ, മുതിരപ്പുഴ പദ്ധതികള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്കി കഴിഞ്ഞു.
അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പതിനായിരം മെഗാവാട്ട് വൈദ്യുതി ആവശ്യമുണ്ടാവുമെന്നാണ് കണക്ക്. കുറഞ്ഞ വില നിലവാരത്തില്‍ ഉല്പാദിപ്പിക്കാന് കഴിയുമെന്നതാണ് ജലവൈദ്യുതപദ്ധതികളുടെ മെച്ചം.അപ്പര്‍ ചെങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വെള്ളത്തൂവല്‍ പഞ്ചായത്തില്‍ കുഞ്ചിത്തണ്ണി ,വെള്ളത്തൂവല്‍ വില്ലേജുകളിലായാണ് നിര്‍ദ്ദിഷ്ട പദ്ധതി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്കീം , ചെങ്കുളം ഓഗ്മെന്റേഷന് സ്കീം എന്നിവ പൂര്‍ത്തിയാകുമ്പോള്‍ ചെങ്കുളം ജലാശയത്തിലെത്തുന്ന അധികജലം ഉപയോഗിച്ചാകും പദ്ധതി നടപ്പാക്കുക. 25 കോടി രൂപയുടെ ഭരണാനുമതിലഭിച്ചിട്ടുണ്ട്. 53.22 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാര്‍ഷിക ഉത്പാദനശേഷിയുള്ള പദ്ധതിയുടെ ഒന്നാംഘട്ട സിവില്‍ പ്രവര്‍ത്തികളുടെ നിര്‍മ്മാണോദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: