ന്യൂയോര്‍ക്ക്: ലോകസാമൂഹ്യക്രമത്തിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലും കശ്മീര്‍ വലിച്ചിഴച്ച് പാകിസ്ഥാന്. ആയിരക്കണക്കിന് സ്ത്രീകള്‍ വര്‍ഷം തോറും ചൂഷണത്തിനിരയാകുന്ന നാടാണ് പാകിസ്ഥാനെന്ന് തിരിച്ചടിച്ച് ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി പര്വതേനേനി ഹരീഷ്. പാകിസ്ഥാന്റെ പേര് പറയാതെയായിരുന്നു വിമര്‍ശനം.
ആവര്‍ത്തിച്ച് പരാജയപ്പെട്ടിട്ടും വീണ്ടും പഴയ തന്ത്രങ്ങളുമായി ഭാരതത്തിനെതിരെ തിരിയുകയാണ് നികൃഷ്ടമായ പ്രകോപനവുമായി ആ രാജ്യം ചെയ്യുന്നതെന്ന് പര്‍വതനേനി ഹരീഷ് പറഞ്ഞു.
ഐക്യരാഷ്ട്രസഭ പോലുള്ള ആഗോള വേദിയില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള സുപ്രധാന വാര്‍ഷിക സംവാദത്തിനിടെ രാഷ്ട്രീയ പ്രചാരണം നടത്തുന്നത് തെറ്റാണ്. ആ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളുടെ, പ്രത്യേകിച്ച് ഹിന്ദുക്കളുടെയും സിഖുകാരുടെയും ക്രിസ്ത്യാനികളുടെയും അവസ്ഥ ദയനീയമാണെന്ന് എല്ലാവര്‍ക്കുമറിയാം. ആ രാജ്യത്തെ മനുഷ്യാവകാശ കമ്മിഷന്റെ കണക്കുകള്‍ പ്രകാരം, ഈ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ഏകദേശം 1000 സ്ത്രീകള്‍ ഓരോ വര്‍ഷവും തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയാകുന്നു.
അതേസമയം സ്ത്രീശാക്തീകരണത്തില്‍ ഭാരതത്തിന്റെ മുന്നേറ്റം ആര്‍ക്കും അവഗണിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രമസമാധാന പാലനത്തിലും രാഷ്ട്രീയ പ്രാതിനിധ്യത്തിലും ഭാരതം മുന്നേറുകയാണ്. സ്ത്രീകള്‍, സമാധാനം, സുരക്ഷ (ഡബ്ല്യുപിഎസ്) അജണ്ട നടപ്പാക്കുന്നതില്‍ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. യുഎന്‍ സമാധാന സേനയില്‍ അഞ്ചാമത്തെ വലിയ സൈനിക സംഭാവന നല്കുന്ന രാജ്യമെന്ന നിലയില്‍, ഭാരതം ആദ്യമായി മുഴുവന്‍ വനിതാ സൈനികരെയും വിന്യസിച്ചു. 2007-ല്‍ ലൈബീരിയയില്‍ ആദ്യത്തെ വനിതാ പോലീസ് യൂണിറ്റിനെ ഭാരതം വിന്യസിച്ചുവെന്ന് പര്‍വതനേനി ഹരീഷ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: