കൊല്ലം: കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ. കൊല്ലം കളക്ടർക്കാണ് ശുപാർശ നൽകിയിരിക്കുന്നത്. പാറമട ഉടമയ്ക്കെന്ന രീതിയിൽ സഹായംതേടി അണ്ടർ സെക്രട്ടറി, തഹസിൽദാരെ സമീപിച്ചതോടെയാണ് കൊട്ടാരക്കര താലൂക്ക് ഓഫീസിലെ അഴിമതിക്ക് വ്യക്തമായ തെളിവ് പുറത്തുവന്നത്. അഞ്ചുമാസം നീണ്ട പരിശോധനകളിലും അന്വേഷണത്തിലും ഗുരുതരക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിക്ക് ശുപാർശ ചെയ്തത്.
പാറ, ക്വാറി, മണൽ, ചെളി ഖനനവുമായി ബന്ധപ്പെട്ട് വൻതോതിൽ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിലാണ് നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ മേയ് 30ന് റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി നടത്തിയ പരിശോധനയിൽ ആരോപണം ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചു.
മണ്ണെടുപ്പ്, പാറമട വിഷയങ്ങളിൽ കൊട്ടാരക്കര താലൂക്ക് ഓഫീസ് നേരത്തേ തന്നെ കൈക്കൂലി ആരോപണ വിധേയമാണ്. എം കെ അജികുമാർ തഹസിൽദാരായി ചുമതലയേൽക്കുന്നതിന് മുൻപും കൊട്ടാരക്കര താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കൈക്കൂലി ആരോപണം ഉണ്ടായിരുന്നു. എന്നാൽ അജികുമാർ വന്നതോടെ ഇത് കൂടുതലായെന്ന് റിപ്പോർട്ടിൽ പറയുന്നു.
അണ്ടർ സെക്രട്ടറിക്കുശേഷം പരിശോധന നടത്തിയ റവന്യു വിജിലൻസും ആരോപണങ്ങൾ ശരിയാണെന്ന് റിപ്പോർട്ട് നൽകി. സംസ്ഥാനതല ഇൻസ്പെക്ഷൻ സ്ക്വാഡും ഓഫീസിൽ പരിശോധന നടത്തി. ജൂലൈ 19നും 20നും റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി ജെ ബിജു പരിശോധന നടത്തി നൽകിയ റിപ്പോർട്ടാണ് ഇപ്പോഴത്തെ നടപടിക്ക് ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: