ഭുവനേശ്വര്‍: ഒഡീഷ-ബംഗാള്‍ തീരത്ത് ദന ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെ കരതൊട്ടു. മണിക്കൂറില്‍ നൂറുമുതല്‍ നൂറ്റിയിരുപത് കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശമേഖലയില്‍ നിന്ന് പത്തുലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അടുത്ത ഒരു മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭദ്രക്ക് ഉൾപ്പെടെയുളള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്.
ഏത് സാഹചര്യവും നേരിടാൻ തയാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 5.84 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഒഡീഷയിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് എല്ലാ ആളുകളെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി.
ഒഡീഷയിലെ ഭിതര്‍കനിക ദേശീയോദ്യാനത്തിനും ധമ്ര തീരത്തിനുമിടയിലായാണ് കാറ്റ് കരതൊട്ടത്. സംസ്ഥാനത്തെ പതിനാലോളം ജില്ലകളില്‍ ചുഴലിക്കാറ്റ് നാശം വിതച്ചേക്കുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുകയും മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നു.
ദന ചുഴലിക്കാറ്റ് നാശം വിതച്ചേക്കാവുന്ന മേഖലകളില്‍ കേന്ദ്രം എന്‍ഡിആര്‍എഫിനെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങള്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കു നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ ഒഡീഷയിലും ബംഗാളിലും മഴ ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: