ന്യൂഡല്‍ഹി: രാഷ്‌ട്രീയ നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അധോലോക ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ തലക്ക് വിലയിട്ട് ക്ഷത്രിയ കർണിസേന. ബിഷ്‌ണോയിയെ കൊലപ്പെടുത്തുന്ന പൊലീസുകാരന് 1.11 കോടിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
ക്ഷത്രിയ കർണി സേന നേതാവ് രാജ് ഷെഖാവത്താണ് വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രമുഖ രജ്പുത്ത് നേതാവ് സുഖ്‌ദേവ് സിങ് ഗോഗമേദിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരം എന്ന നിലയ്‌ക്കാണ് കർണിസേന പ്രതിഫലം വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയത്.
ബിഷ്‌ണോയിയെ വധിക്കുന്ന പൊലീസുകാരന്, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ പണം വിനിയോഗിക്കാമെന്നും ഷെഖാവത്ത് പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഗോഗമേദിയെ ബിഷ്‌ണോയിയുടെ സംഘം കൊലപ്പെടുത്തിയിരുന്നത്.
ജയ്പൂരിലെ വീട്ടിൽ ചായ കുടിക്കുന്നതിനിടെയാണ് ഗോഗമേദി പട്ടാപ്പകൽ വെടിയേറ്റു മരിച്ചത്. വെടിവയ്പിൽ ബിഷ്ണോയ് സംഘത്തിലെ നവീൻ സിംഗ് ഷെഖാവത്തും കൊല്ലപ്പെട്ടു. ആക്രമണത്തിന് തൊട്ടുപിന്നാലെ, ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ സംഘങ്ങളുടെ കൂട്ടാളിയായ രോഹിത് ഗോദാ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവം രാജസ്ഥാനിലുടനീളം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഗോഗമേദിയുടെ കൊലപാതകത്തെ തുടർന്ന് രാജസ്ഥാൻ പൊലീസ് പ്രധാന പ്രതിയായ അശോക് മേഘ്‌വാളിനെയും മറ്റ് എട്ട് പേരെയും അറസ്റ്റ് ചെയ്തു.
എന്നാല്‍, കൊലപാതകത്തിന് പിന്നിലെ സൂത്രധാരനായ രോഹിത് ഗോദരയെ കണ്ടെത്താനായിട്ടില്ല. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഗോദര ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇയാള്‍ കാനഡയിലാണെന്നാണ് സൂചന. ഇയാള്‍ക്കായി ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യാന്തര മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിഷ്‌ണോയി ഇപ്പോൾ ഗുജറാത്തിലെ സബർമതി ജയിലിലാണ് കഴിയുന്നത്. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പും പിന്നാലെ നടന്ന ബാബ സിദ്ദീഖിയുടെ കൊലപാതകവുമാണ് ലോറൻസ് ബിഷ്‌ണോയിയെ വീണ്ടും വാർത്തകളിലേക്ക് കൊണ്ടുവന്നത്. ഇതിൽ ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: