കൊച്ചി: കോതമംഗലം കോട്ടപ്പടിയിലെ ആനത്താരയില്‍ കരിങ്കല്ല് ക്വാറിക്ക് അനുമതി നല്കാന് നീക്കം. ആനത്താര ഉള്‍പ്പെടുന്ന പരിസ്ഥിതി ലോല പ്രദേശത്ത് ക്വാറി സ്ഥാപിക്കാനുള്ള അപേക്ഷ പരിഗണിക്കാന്‍ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ശിപാര്‍ശ ചെയ്തു. ഇന്നു ചേരുന്ന സംസ്ഥാന വനം-വന്യജീവി ബോര്‍ഡ് യോഗത്തില്‍ മൂന്നാമത്തെ അജണ്ടയില്‍ ഒമ്പതാം ഇനമായി ഇത് പരിഗണിക്കും. അപേക്ഷ പരിശോധിച്ചതായും തുടര്‍ നടപടികള്‍ക്കു പരിഗണിച്ച് ദേശീയ വന്യജീവി ബോര്‍ഡിന് അനുമതിക്കായി ശിപാര്‍ശ ചെയ്യാനുമാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.
കോട്ടപ്പടി വില്ലേജില്‍പ്പെട്ട 4.0425 ഹെക്ടര്‍ സ്ഥലത്താണ് ക്വാറിക്ക് വനം-വന്യജീവി വകുപ്പിന്റെ ക്ലിയറന്‍സിനായി കുര്യന് ജോസ് എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നത്. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഇക്കോ സെന്‍സിറ്റീവ് പരിധിയിലെ പ്രദേശമാണിത്. പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് 8.21 കി.മീ. ആകാശ ദൂരമാണ് ഇങ്ങോട്ടുള്ളത്. വനത്തില്‍ നിന്ന് അകലെയാണെങ്കിലും കാട്ടാനകളുടെ സഞ്ചാരമുള്ള ഭൂപ്രകൃതിയാണ് ഇവിടെയെന്ന് ശിപാര്‍ശയിലുണ്ട്.
ക്വാറിയുടെ പ്രവര്‍ത്തനം കാട്ടാനകളുടെ സഞ്ചാരത്തെ ബാധിക്കാനിടയുണ്ടെന്നും ഇതിനു പരിഹാരമായി 15 ലക്ഷത്തിന്റെ വിവിധ പദ്ധതികളുടെ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് പറയുന്നത്. വിഷയം പരിഗണിച്ച് ബോര്‍ഡിന് നിര്‍ദേശം നല്കാവുന്നതും പദ്ധതി ദേശീയ വന്യജീവി ബോര്‍ഡിന് ശിപാര്‍ശയ്ക്കായി കൈമാറാമെന്നുമാണ് മുഖ്യവനപാലകന്റെ റിപ്പോര്‍ട്ടിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: