അഭിമാനിക്കാം, ചരിത്രത്തിലാദ്യമായി ഭാരതത്തിന്റെ വിദേശനാണ്യശേഖരം 70,000 കോടി ഡോളര്‍ കടന്നു. അതായത് 60 ലക്ഷം കോടി രൂപ. ഒരു കാലത്ത് ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ചിരുന്ന സമ്പന്ന രാജ്യങ്ങളെപ്പോലും പിന്നിലാക്കി ഭാരതം കൈവരിച്ച ഈ നേട്ടത്തിന് തിളക്കമേറെ. എക്കാലത്തെയും ഉയര്‍ന്ന ഈ വര്‍ധനവിലൂടെ വിദേശ നാണ്യശേഖര സമ്പന്നമായ ലോകത്തിലെ നാലാമത്തെ രാജ്യമായി ഭാരതം മാറി. നമ്മള് സുസ്ഥിരവും ക്രമാനുഗതവുമായ സാമ്പത്തിക പരിഷ്കാരങ്ങളുടെ പാതയിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ലക്ഷ്യം കണ്ടിരിക്കുന്നു. സാമ്പത്തിക വിദഗ്ദ്ധന്മാര് വിദേശ നാണ്യ കരുതല്‍ ശേഖരത്തെ ഇക്കണോമിക്ക് ഹെല്‍ത്ത് മീറ്റര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അളക്കാനുള്ള അളവുകോല്‍. എങ്കില്‍ ഭാരതത്തിന്റെ ഭാവി, നരേന്ദ്ര മോദിയുടെ കൈകളില്‍ ഭദ്രമാണെന്ന് വിളമ്പരം ചെയ്യുന്നതാണീ നേട്ടം
2004 ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ യുപിഎ ഭരണകൂടത്തിന് കൈമാറിയത് സമ്പന്നമായ ഖജനാവാണ്. സാമ്പത്തിക രംഗത്ത് കാലാനുസൃതമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ പോന്ന ശക്തമായ അടിത്തറ ഉണ്ടായിട്ടും നടപടിയൊന്നുമുണ്ടായില്ല. സാമ്പത്തിക വിദഗ്ദ്ധനെന്നു വാഴ്ത്തിപ്പാടിയ മന്മോഹന് സിങ് പൂര്‍ണ പരാജയമാണെന്ന് കാലം തെളിയിച്ചു. പത്തുവര്‍ഷം നീണ്ട യുപിഎ ഭരണം സമാനതകളില്ലാത്ത അഴിമതിയുടെ കാലമായി മാറി. ഭരണം കുത്തഴിഞ്ഞു. സാമ്പത്തിക രംഗം തകര്‍ന്നു. കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് 1.5ശതമാനമായും വ്യവസായ വളര്‍ച്ചാ നിരക്ക് 3.1 ശതമാനമായും ഇടിഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയുടെ കാലം. അന്താരാഷ്ട്ര വ്യാപാര രംഗത്ത് എന്‍ഡിഎ സര്‍ക്കാര്‍ കൈവരിച്ച വിശ്വാസ്യത നഷ്ടമായി. 2011 ആവുമ്പോഴേക്കും വിദേശ നാണ്യ കരുതല്‍ ശേഖരം കേവലം 294 ബില്ല്യണ്‍ ഡോളറായി. 2013 ആവുമ്പോഴേക്കും 6 മാസത്തെ ഇറക്കുമതിക്കാവശ്യമായ വിദേശ നാണയം പോലുമില്ലാതായി. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും തകര്‍ന്ന സാമ്പത്തിക മേഖലയാണ് യുപിഎ സര്‍ക്കാര്‍ 2014 ല്‍ എന്‍ഡിഎയ്ക്ക് കൈമാറുന്നത്. ആ ശൂന്യതയില്‍ നിന്നാണ് ഇന്ന് മോദി സര്‍ക്കാര്‍ വിദേശ നാണ്യ കരുതല്‍ രംഗത്ത് വസന്തം വിരിയിച്ചത്.
സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന സൂത്രവാക്യമുണ്ട്. കയറ്റുമതി വര്‍ധിപ്പിക്കുക, ഇറക്കുമതി പരമാവധി കുറക്കുക. എന്നാല്‍ പ്രാവര്‍ത്തിക തലത്തില്‍ അതത്ര എളുപ്പമല്ല. വലിയൊരളവോളം സ്വയം പര്യാപ്തത കൈവരിച്ച് സ്വന്തം കാലില്‍ നില്ക്കുന്ന രാജ്യത്തിനേ അതിനാകൂ. അതേസമയം അന്താരാഷ്ട മാര്‍ക്കറ്റില്‍ മത്സരിച്ച് പിടിച്ചു നില്ക്കാന് പര്യാപ്തമായ വസ്തുക്കള്‍ ഉത്പാദിപ്പിക്കാനാവണം. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ നമുക്കാവശ്യമുള്ളത് കണ്ടെത്താനുമാകണം. പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ലക്ഷ്യം വച്ചത് ഒരേ സമയം ഈ രണ്ടു ലക്ഷ്യവും നേടുക എന്നതാണ്. പിന്നിട്ട പത്തുവര്‍ഷക്കാലം സാമ്പത്തിക രംഗത്ത് നടത്തിയ അടിസ്ഥാനപരമായ പൊളിച്ചെഴുത്ത് ലക്ഷ്യമാക്കിയതും അതുതന്നെ. യുപിഎ ഭരണ കാലത്ത് മൃതപ്രായമായ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ കണ്ടെത്തിയ മൃതസഞ്ജീവനിയായി അതു മാറിയതിന് കാലം സാക്ഷി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ വാക്കുകളില്‍ നിറഞ്ഞുനിന്ന ആത്മവിശ്വാസത്തിന്റെ രഹസ്യവും മറ്റൊന്നല്ല.
ലോകമെമ്പാടും പടര്‍ന്നു പിടിച്ച കൊവിഡ് മഹാമാരി വരുത്തിവച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി ആഗോള സമ്പദ് വ്യവസ്ഥയെ കീഴ്മേല്‍ മറിച്ചുകളഞ്ഞ കാലഘട്ടമാണ് കടന്നുപോയത്. പലരാജ്യങ്ങളും അതില്‍ നിന്നിപ്പോഴും കരകയറിയിട്ടില്ല. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇത്രയും ഗുരുതര വെല്ലുവിളി മാനവരാശി അഭിമുഖീകരിച്ചിട്ടില്ലെന്ന് തീര്‍ത്തു പറയാം. അതുകാരണം ലോക സമ്പദ് വ്യവസ്ഥ ദീര്‍ഘകാലം നെഗറ്റീവ് വളര്‍ച്ചയാണ് കാണിച്ചത്. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഉരുണ്ടു കൂടിയ ഇത്തരം കടുത്ത പ്രതിസന്ധികളെയെല്ലാം മറികടന്ന് നാം നേടിയ റെക്കോഡ് നാണയ ശേഖര വര്‍ധനവിന് മാറ്റേറെയാണ്. യുപിഎ ഭരണകാലത്ത് ഭാരതം അതീവ ദുര്‍ബല സാമ്പത്തികാടിത്തറയുള്ള അഞ്ച് രാജ്യങ്ങളില്‍ ഒന്നായിയിരുന്നുവെങ്കില്‍ ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ സാമ്പത്തികാടിത്തറയുള്ള അഞ്ച് രാജ്യങ്ങളില്‍ ഒന്നായി നരേന്ദ്ര ഭാരതം ഉയര്‍ന്നു കഴിഞ്ഞു. ഒപ്പം ആഗോള സാമ്പത്തിക വളര്‍ച്ചക്ക് ഗണ്യമായ സംഭാവന ചെയ്യുന്ന മൂന്നാമത്തെ ശക്തിയായി മാറുകയും ചെയ്തു. വരാന്‍പോകുന്നത് ഭാരതത്തെ ഇല്ലാതാക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവരുടെ ഉറക്കം കെടുത്തുന്ന രാത്രികളാണ്.
അമേരിക്കന്‍ പാര്‍ലമെന്റില്‍ മോദി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്,
‘ഞാന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ തവണ(2016) അമേരിക്കന്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ ഭാരതം ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നു. ഇത്തവണ വന്നപ്പോള്‍ അത് അഞ്ചാമത്തെ ശക്തിയായി. താമസിയാതെ ഞങ്ങള്‍ മൂന്നാമത്തെ ശക്തിയാവും’ എന്നാണ്. ലോക നിലവാരത്തിലേക്കുയര്‍ന്ന നമ്മുടെ സമ്പന്നമായ വിദേശനാണ്യ ശേഖരം വിരല്‍ ചൂണ്ടുന്നതും അതിലേക്കു തന്നെ.
(ബിജെപി ദേശീയ സമിതിയംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: