കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി. എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അവധി നൽകാതെ താൻ എഡി എമ്മിനെ പീഡിപ്പിച്ചെന്ന ആരോപണവും കളക്ടർ തള്ളി.
നവീൻ ബാബുവുമായി തീർത്തും സൗഹാർദപരമായ ബന്ധമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദിവ്യ പരിപാടിക്ക് എത്തുമെന്ന് തനിക്ക് മുന്‍പ് അറിവില്ലായിരുന്നുവെന്ന് കളക്ടര്‍ മൊഴി നല്‍കി. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് കളക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. കളക്ടര്‍ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് പരിപാടിക്ക് എത്തിയതെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പി.പി ദിവ്യയുടെ പരാമര്‍ശം.
കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസിതിയിലെത്തിയാണ് ഇന്നലെ രാത്രി അന്വേഷണസംഘം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കാന്‍ എത്തിയത്. മൊഴിയെടുക്കല്‍ നടപടികള്‍ 30 മിനിറ്റിലധികം നീണ്ടു. താന്‍ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്‍പിലും ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നു.
യാത്രയയപ്പ് ദിവസം പി.പി ദിവ്യ തന്നെ ഫോണിൽ വിളിച്ചിരുന്നു. നവിന്റെ മരണശേഷം ഞാൻ ദിവ്യയുമായി സംസാരിച്ചിട്ടില്ല. യാത്രയയപ്പിന് ശേഷം ഞാൻ നവീൻ ബാബുവിനോട് സംസാരിച്ചിരുന്നോ എന്ന് ഇപ്പോൾ പറയാനാവില്ല. അത് അന്വേഷണത്തിന്റെ ഭാഗമാണെന്നും കളക്ടർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: