കൊച്ചി: നിറമുള്ള വസ്ത്രത്തിന് പകരം യൂണിഫോം ധരിക്കണമെന്ന് അധ്യാപകന് ശഠിക്കുന്നത് കുട്ടിക്ക് മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവൃത്തിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നിറമുള്ള വസ്ത്രത്തിന് പകരം യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെട്ടതിന് തൃശൂര്‍ ജില്ലയിലെ സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. 2020 ലെ അവധിക്കാലത്ത് നിറമുള്ള വസ്ത്രം ധരിച്ച് സ്കൂളിലെത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയോട് യൂണിഫോമിലേക്ക് മാറാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. യൂണിഫോമിന് പകരം നിറമുള്ള വസ്ത്രം ധരിച്ച് വന്നത് എന്തിനാണെന്ന് പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം. പിന്നീട് യൂണിഫോം മാറ്റാന്‍ വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് അയച്ചു. എന്നാല്‍ അവധിക്കാലത്ത് നിറമുള്ള വസ്ത്രം ധരിക്കുന്നത് നിരോധിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥി വാദിക്കുകയും തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരെ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു, ജുവനൈല്‍ ജസ്റ്റിസ് (ജെജെ) നിയമത്തിലെ സെക്ഷന്‍ 75 പ്രകാരം ഈ പ്രവൃത്തി ക്രൂരതയാണെന്ന് ആരോപണം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.
സ്കൂള്‍ അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായി യൂണിഫോം നിര്‍ബന്ധമെങ്കില്‍, ഫലപ്രദമായ വിദ്യാഭ്യാസത്തിന് ആവശ്യമായ അന്തസും ക്രമവും ഉറപ്പാക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകണമെന്ന് കോടതി വ്യക്തമാക്കി. ജെജെ ആക്ടിലെ സെക്ഷന്‍ 75 പ്രകാരം ഇത്തരം പ്രവൃത്തികളെ കുറ്റമായി കണക്കാക്കിയാല്‍ സ്കൂള്‍ അച്ചടക്കത്തെ തടസപ്പെടുത്തുകയും ക്രമം നിലനിര്‍ത്താനുള്ള സ്ഥാപനത്തിന്റെ കഴിവിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും കോടതി പറഞ്ഞൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: