ന്യൂദൽഹി: വിമാനങ്ങള്‍ക്കുള്ള ബോംബ് ഭീഷണികള്‍ നിസാരമായിക്കാണുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കുറ്റവാളികള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. കുറച്ചു ദിവസങ്ങളായി വിവധ വിമാനകമ്പനികൾക്കെതിരേ തുടർച്ചയായി ഭീഷണി സന്ദേശങ്ങളെത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടൽ.
ഇത്തരം ഭീഷണികൾ വ്യോമയാന മേഖലയുടെ സുഗമമായ പ്രവർത്തനത്തെ മോശമായി ബാധിക്കുന്നുണ്ട്. ഇത്തരം കോളുകൾ വിളിക്കുന്ന ആളുകളെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീഷണികൾ വ്യാജമാണെങ്കിലും എയർലൈനുകൾക്ക് അവരുടെ പ്രോട്ടോക്കോളുകൾ കൃത്യമായി പിന്തുടരേണ്ടതുണ്ട്. അത്തരം ഭീഷണികൾ വരുമ്പോൾ വളരെ ദുർബലമായ സാഹചര്യമാണ് ഉണ്ടാവുന്നത്. ഇതിലെ ഗുഢാലോചനയെക്കുറിച്ച് അന്വേഷിക്കും. ഇത്തരം പ്രവർത്തികളെ ഗുരുതര കുറ്റകൃത്യത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തുകയും ജയിൽ ശിക്ഷയും പിഴയും ഉൾപ്പെടെയുള്ള നിയമവ്യവസ്ഥ കൊണ്ടുവരുമെന്നും റാം മോഹൻ നായിഡു വ്യക്തമാക്കി.
ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിന് പിന്നാലെ വ്യോമയാന മന്ത്രാലയം നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. അടിയന്തിര നടപടികള്‍ ഓരോ യോഗത്തിലും സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റവാളികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന കാര്യം നേരത്തെ വിമാനക്കമ്പനികളും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. വ്യോമ സുരക്ഷ നിയമം ഭേദഗതി ചെയ്യുന്നതുള്‍പ്പടെയുള്ള പരിഗണനയിലുണ്ടെന്നും റാം മോഹന്‍ നായിഡു പറഞ്ഞു.
അഞ്ചു ദിവസത്തിനിടെ 125 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം ചേര്‍ന്നു. നിലവിലെ സാഹചര്യങ്ങള്‍ സിഎസ്എഫ് വിശദീകരിച്ചു. സിഐഎസ്എഫിലെയും ആഭ്യന്തരമന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: