പാലക്കുന്ന്: അന്തിയുറങ്ങാന്‍ സ്വന്തമായി കൂരപോലുമില്ലാത്ത നിരാലംബ കുടുംബത്തിന് വീട് വെച്ച് കൊടുക്കാന്‍ ‘ശക്തി കാസര്‍കോട് പ്രവാസി’ കൂട്ടായ്മ മുന്നോട്ട് വന്നു. ഭര്‍ത്താവ് കൈയൊഴിഞ്ഞ പറക്കമുറ്റാത്ത 4 പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മയായ പി. ചിത്രയ്ക്കാണ് ജില്ലയിലെ തീയ്യ സമുദായ പ്രവാസി കൂട്ടായ്മയായ ‘ശക്തി കാസര്‍കോട്’ വീട് നിര്‍മ്മിച്ച് നല്‍കുന്നത്.
നാല് മക്കളില്‍ മൂന്ന് പെണ്മക്കളാണ്. അര്‍ഹരായ കുടുംബത്തെ കണ്ടെത്തി വീടുണ്ടാക്കി നല്‍കാനുള്ള കഴകം പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മാതൃസമിതി പത്താം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ പ്രാദേശിക സമിതികളുടെ സഹകരണത്തോടെ ചേറ്റുകുണ്ടിലെ ഉത്തമനും ദേളി കുന്നോറയിലെ രോഹിണിക്കും 2023ല്‍ വീടുകള്‍ പണിത് നല്‍കിയിരുന്നു.
ഉദുമ സ്പെഷ്യാലിറ്റി ആശുപത്രി ഉടമ വി.വി. ബാലകൃഷ്ണന് കഴകം പദ്ധതി മുഖേന നല്കുന്ന സ്നേഹവീടിന്റെ നിര്‍മാണം അരവത്ത് കുതിരക്കോടിനടുത്ത കണ്ടപ്പാട് കാനത്തില്‍ പ്രേമലതയ്ക്ക് വേണ്ടി നടന്നുവരികയാണ്.ശക്തി കാസര്‍കോട് സമ്മതപത്രം നല്കി അര്‍ഹതനേടുന്ന ഒരു കുടുംബത്തിനായുള്ള വീടിന്വേണ്ടി ജില്ലയിലെ 25 സമുദായ ക്ഷേത്രങ്ങളില്‍ നിന്ന് 38 അപേക്ഷകളാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പരിഗണന നല്കുന്ന ശക്തി കാസര്‍കോട് പ്രവാസി കമ്മറ്റിയ്ക്ക് ലഭിച്ചത്.
അവരുടെ അന്വേഷണത്തില്‍ പാലക്കുന്ന് ക്ഷേത്രത്തില്‍ നിന്ന് നിര്‍ദേശിച്ച പൂച്ചക്കാട്ടെ ചിത്രയുടെ കുടുംബമാണ് സ്നേഹവീടിന് അര്‍ഹത നേടിയത്. അതിനായുള്ള സമ്മതപത്രം കഴിഞ്ഞ ദിവസം ഭണ്ഡാരവീട് തിരുമുറ്റത്ത് ശക്തി ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് ക്ഷേത്ര ഭരണസമിതിക്ക് കൈമാറി.
ചിത്രയുടെ പൂച്ചക്കാട് വീടിന്റെ നിര്‍മാണം ഉടനെ തുടങ്ങുമെന്നും വിഷുവിന് മുന്‍പായി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ശക്തി കാസര്‍കോട് ഭാരവാഹികളായ സുരേഷ് കാശി, സതീശന് കാസറകോട്, കുഞ്ഞിക്കൃഷ്ണന് ചീമേനി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: