കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരേ കൈക്കൂലി ആരോപിച്ച് സിപിഎം നേതാവ് മരണത്തിലേക്കു തള്ളിവിട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞതെല്ലാം സദുദ്ദേശ്യപരമെന്ന സിപിഎമ്മിന്റെ നിലപാടും പൊളിയുന്നു.
പ്രശാന്തന് എന്നയാളുടെ പെട്രോള്‍ പമ്പിനുള്ള അപേക്ഷയടങ്ങുന്ന ഫയല്‍ നവീന്‍ ബാബുവിന്റെ പരിഗണനയിലുണ്ടായിരുന്നത് ആറു ദിവസം മാത്രമാണെന്ന വിവരമാണ് പുറത്തുവരുന്നത്. പമ്പിന് അനുമതി നല്കരുതെന്നു പറയുന്ന രണ്ടു റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയാണ് ഫയല്‍ നവീനിന്റെ മുന്നിലെത്തിയത്. അപേക്ഷ ഏറെ നാള് പിടിച്ചുവച്ചെന്നും കൈക്കൂലി വാങ്ങിയാണ് എന്‍ഒസി കൊടുത്തതെന്നുമുള്ള സിപിഎം നേതാവ് ദിവ്യയുടെ ആരോപണം കളവായിരുന്നെന്നു വ്യക്തമാക്കുന്ന തെളിവുകളാണ് എല്ലാ ഭാഗത്തുനിന്നും വരുന്നത്.
പമ്പിന്റെ പിന്നിലെ ബിനാമി ഇടപാട് മുതല്‍ എഡിഎമ്മിനു നല്കിയ യാത്രയയപ്പ്, അദ്ദേഹത്തിന്റെ മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടുയര്‍ന്ന എല്ലാ വസ്തുതകളും ദുരൂഹമാണ്. സിപിഎമ്മിന്റെ കീഴിലുളള ആഭ്യന്തര വകുപ്പ് അന്വേഷിച്ചാല്‍ കേസെങ്ങുമെത്തില്ലെന്ന ആക്ഷേപമുയരുന്നുണ്ട്. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.
നാലു ദിവസം പിന്നിട്ടപ്പോഴും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. മൂന്ന് ദിവസം കഴിഞ്ഞാണ് ദിവ്യയെ പ്രതി ചേര്‍ത്തു കേസെടുത്തത്. ദിവ്യയില്‍നിന്നു മൊഴിയെടുത്തിട്ടില്ല. ജാമ്യമില്ലാ വകുപ്പു ചേര്‍ത്തു പ്രതി ചേര്‍ത്തിട്ടും അറസ്റ്റിനുള്ള നീക്കവുമില്ല. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് അവകാശപ്പെട്ടു രംഗത്തുവന്ന സിപിഎമ്മുകാരനായ പ്രശാന്തനെ പോലീസും വിജിലന്‍സും പ്രതി ചേര്‍ത്തിട്ടില്ല.
ഇത്ര ദിവസം കഴിഞ്ഞിട്ടും പ്രശാന്തന് തെളിവൊന്നും ഹാജരാക്കിയിട്ടില്ല. കൂട്ടുപ്രതിയെന്ന് വിശ്വസിക്കാവുന്ന ഇയാള്‍ പൂര്‍ണമായും സംശയത്തിന്റെ നിഴലിലാണ്. പ്രശാന്തനുമായി ബന്ധപ്പെട്ട രണ്ടു ഫോണ്‍ കോളുകളും പുറത്തുവന്നിട്ടുണ്ട്. എഡിഎമ്മിനെ കുടുക്കാനാണ് ശ്രമിച്ചതെന്ന് ഈ ഫോണ്‍ കോളുകളില്‍ നിന്നു വ്യക്തമാണ്. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരനായ പ്രശാന്തന് പമ്പ് തുടങ്ങാനാവശ്യമായ പണം എവിടെ നിന്നു ലഭിച്ചെന്നുള്ളതും ദുരൂഹമാണ്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗം വൈകുന്നേരത്തേക്കു മാറ്റിയതും അവിടെ ദിവ്യ എത്തിയതും പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രാദേശിക ചാനലിന്റെ വീഡിയോഗ്രാഫറെ വിളിച്ചുകൊണ്ടുവന്നതും കളക്ടര്‍ മൗനം പാലിച്ചതുമെല്ലാം അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.
കൂടെ ജോലി ചെയ്ത ജീവനക്കാരുടെ മുന്നില്‍ അപമാനിതനായ നിമിഷം മുതല്‍ പുലര്‍ച്ചെ നവീന്‍ ബാബു ആത്മഹത്യ ചെയ്യുന്നതുവരെ എന്തെല്ലാം സംഭവിച്ചെന്നതുമായി ബന്ധപ്പെട്ടും ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. നാട്ടിലേക്കു പോകാന്‍ മുനീശ്വരന്‍ കോവിലിനു മുന്നില്‍ കാറില്‍ നിന്നിറങ്ങിയ നവീന്‍ ബാബു എങ്ങനെയാണ് ക്വാര്‍ട്ടേഴ്സില്‍ തിരിച്ചെത്തിയതെന്നു വ്യക്തമല്ല.
മുനീശ്വരന്‍ കോവില്‍ മുതല്‍ ക്വാര്‍ട്ടേഴ്സ് വരെ എന്തു സംഭവിച്ചെന്ന് പോലീസ് പരിശോധിച്ചിട്ടില്ല. നവീന്‍ മരിച്ച ക്വാര്‍ട്ടേഴ്സ് തുറന്നിട്ട നിലയിലായിരുന്നെന്നതും സംശയാസ്പദമാണ്. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിട്ടില്ല. ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തിയത് ആസൂത്രിതമായാണെന്ന് നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ത്തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവ് പി.പി. ദിവ്യക്കെതിരേ കണ്ണൂര്‍ ജില്ലാ കളക്ടറേറ്റ് റവന്യൂ വിഭാഗം ജീവനക്കാര്‍ പോലീസിനു മൊഴി നല്കി.
എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാല്‍ പോ
ലും ക്ഷണിച്ചിരുന്നില്ലെന്നാണ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളുടെ മൊഴി. ദിവ്യ കയറിവന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗ ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളില്‍ വിശദീകരിക്കുന്നു. എഡിഎം മൂന്നുവരിയില്‍ മറുപടി പ്രസംഗം അവസാനിപ്പിച്ചെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പോലീസിനോടു വ്യക്തമാക്കി.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കളക്ടറാണ് യാത്രയയപ്പു ചടങ്ങിലേക്കു ക്ഷണിച്ചതെന്നും തന്റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നെന്നും ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന് പരിഗണിക്കും.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്താണ് ഹര്‍ജി. അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടറേറ്റില്‍ മറ്റൊരു പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ് കളക്ടര്‍ ചടങ്ങിലേക്ക് ക്ഷണിച്ചത്. സംസാരിക്കാനായി ക്ഷണിച്ചതും അദ്ദേഹമാണ്. തനിക്കറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. അത് സദുദ്ദേശ്യത്തോടെയായിരുന്നു. ഏതെങ്കിലും തരത്തില്‍ ആത്മഹത്യയിലേക്കു തള്ളിവിടാനുള്ള പ്രേരണയൊന്നും സംസാരത്തിലുണ്ടായിരുന്നില്ല. ഒരു അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഹര്‍ജിയിലുണ്ട്.
കേസില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ദിവ്യക്കെതിരേ കേസെടുത്തത്. പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരുമെന്ന് കുടുംബം പറഞ്ഞു. ഇന്ന് നടപടികള്‍ തുടങ്ങുമെന്നും കണ്ണൂര്‍ കളക്ടറുടെ കത്തില്‍ തൃപ്തരല്ലെന്നും കുടുംബം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: