വാരണാസി ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 20 ന് സ്വന്തം പാർലമെൻ്റ് മണ്ഡലമായ വാരണാസി സന്ദർശിക്കും. ഏകദേശം ആറ് മണിക്കൂറോളം അദ്ദേഹം കാശിയിൽ ചിലവിടും . ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ആഘോഷമായ ദീപാവലിക്ക് മുന്നോടിയായി വാരണാസി ഉൾപ്പെടെ രാജ്യത്തുടനീളം 3,254.03 കോടിയുടെ പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. 380.13 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനവും 2,874.17 കോടി രൂപയുടെ രണ്ട് പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം കാശിയിൽ നടത്തും . വാരാണസി സന്ദർശനത്തിന്റെ ഭാഗമായി സിഗ്ര സ്പോർട്സ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും.
രാജ്യത്തെ 6 വിമാനത്താവളങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നിന്ന് ആരംഭിക്കും. ബാഗ്ഡോഗ്ര (ബംഗാൾ), ദർഭംഗ (ബിഹാർ), ആഗ്ര (യുപി) വിമാനത്താവളങ്ങളിൽ പുതിയ സിവിൽ എൻക്ലേവുകളുടെ നിർമ്മാണത്തിനുള്ള തറക്കല്ലിടും. 3,041 കോടി രൂപയാണ് ഇവയുടെ ഏകദേശ ചെലവ്. ഇതിനുപുറമെ, രേവ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ നിർമാണം, മാ മഹാമായ എയർപോർട്ട് അംബികാപൂരിൽ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ നിർമാണം, സർസാവ വിമാനത്താവളത്തിലെ സിവിൽ എൻക്ലേവിന്റെ നിർമാണം എന്നിവയ്ക്കും തുടക്കം കുറിക്കും . ഇതിനായി 255.18 കോടി രൂപ ചെലവഴിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: