തിരുവനന്തപുരം: പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കിയതില്‍ എഡിഎം നവീൻ ബാബു വീഴ്ച വരുത്തിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്. കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിന്റെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് നവീന്‍ ബാബു ഫയല്‍ അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
യാത്രയയപ്പ് സമ്മേളനത്തിന്റെ പിറ്റേന്ന് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കലക്ടറോട് റവന്യൂമന്ത്രി കെ രാജന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നവീന്‍ ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.
സെപ്റ്റംബർ 30 നാണ് ടൗൺ പ്ലാനർ റിപ്പോർട്ട് നൽകിയത്. 9 ദിവസത്തിന് ശേഷം ഒക്ടോബർ 9 ന് എഡിഎം എൻഒസി നൽകിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നു. ചെങ്ങളായി പഞ്ചായത്തും ഫയർ ഓഫീസറും തളിപ്പറമ്പ് തഹസിൽദാരും ജില്ലാ സപ്ലൈ ഓഫീസറും അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും റോഡിലെ വളവ് കാരണം ജില്ലാ പൊലീസ് മേധാവി എൻഒസി എതിർത്തിരുന്നു.
ഇതോടെ എഡിഎം ടൗൺ പ്ലാനറുടെ റിപ്പോർട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയും അനുമതി നൽകാമെന്നായിരുന്നു ടൗൺ പ്ലാനറുടെ റിപ്പോർട്ട്. ഇതിന് പിറകെ സ്ഥലം സന്ദർശിച്ച എഡിഎം അനുമതി നൽകുകയായിരുന്നു.
പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായ പ്രശാന്താണ് പെട്രോൾ പമ്പ് തുടങ്ങാൻ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. പെട്രോൾ പമ്പിന് എന്‍ഒസി വേണമെന്നായിരുന്നു ആവശ്യം. എന്നാൽ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തോട് ചേർന്ന് റോഡിൽ വളവുണ്ടായിരുന്നതിനാൽ അതിന് അനുമതി നൽകുന്നതിന് പ്രയാസമുണ്ടായിരുന്നു. എന്നാൽ സ്ഥലംമാറ്റമായി കണ്ണൂർ വിടുന്നതിന് രണ്ട് ദിവസം മുൻപ് നവീൻ ബാബു പമ്പിന് എന്‍ഒസി നൽകി.
ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നൽകിയതെന്നുമാണ് ക്ഷണിക്കാതെ എത്തിയ യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ ദിവ്യ രംഗത്തെത്തിയത്. ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം അത് പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ സത്യ സന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പി പി ദിവ്യ വേദിയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: