കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പ്രതി ചേർത്ത് കേസെടുത്ത് കണ്ണൂർ പോലീസ്. നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദിവ്യയ്ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ദിവ്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
നേരത്തെ തന്നെ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പ്രതികരിച്ചു. പരാതികള്‍ ഒരുപാട് ലഭിച്ചിട്ടുണ്ടെന്നും ദിവ്യക്കെതിരെ അന്വേക്ഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കളുടെ പരാതി പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പേരുടെ മൊഴികള്‍ രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ പി.പി ദിവ്യയുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ സംഘം നവീൻ ബാബുവിന്റെ സഹപ്രവർത്തകരുടെ മൊഴിയെടുത്തു. വളരെ സന്തോഷവാനായാണ് നവീൻ ബാബു യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തതെന്നും നാട്ടിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും സഹപ്രവർത്തകർ മൊഴി നൽകി. ദിവ്യയുടെ ആക്ഷേപ പ്രസംഗത്തിന് ശേഷം നവീൻ മാനസിക പ്രയാസത്തിലായതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
യാത്രയയപ്പ് യോഗത്തില്‍ ഉണ്ടായിരുന്ന ജില്ലാ കളക്ടറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ആയിരിക്കും ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുക. ദിവ്യക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. കണ്ണൂരിലെ ഒരു വിഭാഗം ജില്ലാ നേതാക്കളും ദിവ്യക്കെതിരെ നിലപാടെടുത്തിട്ടുണ്ട്. നവീന്‍ ബാബുവിന്റെ ശവസംസ്കാര ചടങ്ങുകള്‍ക്കു ശേഷം തീരുമാനമെടുക്കും. അടുത്തദിവസം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരുന്ന വേളയില്‍ ദിവ്യക്കെതിരെ അന്വേഷണത്തിന് തീരുമാനിക്കും.
അതേസമയം, നവീന്‍ ബാബുവിന്റെ സംസ്കാരം ഇന്ന് നടത്തും. കളക്ടറേറ്റിലെ പൊതുദര്‍ശനത്തിനു ശേഷം മലയാലപ്പുഴ പത്തിശേരില്‍ കാരുവള്ളിയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യോപചാരം അർപ്പിക്കുകയാണ്. ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: