മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളിയായ ആസ്സാം സ്വദേശിയുടെ കൊലപാതകക്കേസിലെ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി. ബബുൾ ഹുസൈൻ (39) ആണ് കൊല്ലപ്പെട്ടത്.
ഒപ്പം താമസിച്ചിരുന്ന ഭാര്യ ജയതാ കാത്തുനെ ആസാമിൽ നിന്നാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കൃത്യത്തിന് ഉപയോഗിച്ച് ആയുധമായ കത്തിയും കൃത്യസമയം ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രങ്ങളും കൃത്യം നടത്തിയ രീതിയും പോലീസിന് കാണിച്ചു കൊടുത്തു.
കഴിഞ്ഞ രണ്ടു വർഷമായി ദമ്പതികൾ മുടവൂരിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. സമീപത്തെ വീടുകളിൽ കൂലിവേല ചെയ്തായിരുന്നു ജീവിതം. രണ്ടുമാസം മുൻപ് പ്രതിയുടെ ജ്യേഷ്ഠത്തി എത്തി ഇവർക്ക് സമീപം താമസമാക്കി.
രണ്ടു നില വീടിന്റെ പിൻവശം ഒന്നാം നിലയിലെ ടെറസിൽ ആണ് ദമ്പതികൾ താമസിച്ചിരുന്നത്. ജ്യേഷ്ഠത്തിയും കുട്ടിയും 50 മീറ്ററോളം മാറിയുള്ള ഒരു ഷെഡിലാണ് കഴിഞ്ഞത്. വഴക്കുകൾ പതിവായിരുന്നുവെന്നും ദേഹോപദ്രവം ഏൽക്കാറുണ്ടെന്നും ഭാര്യ പോലീസിനോട് പറഞ്ഞു.
അതിൽ ഭർത്താവിനോട് ഭാര്യക്ക് വിരോധവും പകയും ഉണ്ടായിരുന്നു ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഈ മാസം 7 ന് പകൽ എട്ടുമണിയോടെ താമസ്സിച്ചിരുന്ന ടെറസിന്റെ മുകളിൽ അഴുകിയ നിലയിൽ കൊതുക് വലയ്ക്കുള്ളിൽ മൂടി പുതച്ച് കിടന്ന നിലയിലായിരുന്നു മൃതദേഹം.
ഒന്നാം തീയതി വൈകീട്ട് രണ്ട് പേരും തമ്മിൽ വഴക്കുണ്ടാവുകയും ഉറങ്ങാൻ കിടന്ന ബബുൾ ഹുസൈനെ ഭാര്യ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ഉടനെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സമീപമുള്ള ജ്യേഷ്ഠത്തിയുടെ ഷെഡിലെത്തി ജ്യേഷ്ഠത്തിയെയും കുട്ടിയെയും കൂട്ടി ബസ് മാർഗം പെരുമ്പാവൂരിൽ എത്തി.
അവിടെ നിന്ന് ഓട്ടോയിൽ ആലുവയ്ക്ക് പോവുകയും ട്രെയിൻ മാർഗ്ഗം ആസാമിലേക്ക് കടന്നു കളയുകയുമായിരുന്നു. ഒന്നാം തീയതി കൊല്ലപ്പെട്ട ബബിൾ ഹുസൈന്റെ മൃതദേഹം ആറു ദിവസത്തിനു ശേഷം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. അസാമിലേക്ക് രക്ഷപ്പെട്ട പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ബംഗ്ലാദേശ് അതിർത്തിയിലുള്ള ഗ്രാമത്തിൽ നിന്നും അറസ്റ്റ് ചെയ്തത്.
റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്പി ബൈജു പി എം ഇൻസ്പെക്ടർ ബേസിൽ തോമസ് സബ് ഇൻസ്പെക്ടർമാരായ കെ. കെ രാജേഷ് , ദിലീപ് കുമാർ എം. വി , പി .സി ജയകുമാർ, മാഹിൻ സലിം , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. എ ഷിബു, കെ. എ അനസ്, ബിബിൽ മോഹൻ, ധനേഷ് .ബി നായർ, സൂരജ് കുമാർ, ബഷീർ, രഞ്ജിത്ത് രാജൻ, ആൽബിൻ പീറ്റർ എന്നിവരുടെ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: