ശിവഗിരി: 1928 ല്‍ ശ്രീനാരായണ ഗുരുദേവന് സംസ്ഥാപനം ചെയ്ത ശ്രീനാരായണ ധര്‍മ്മസംഘത്തിന്റെ 97-ാമത് വാര്‍ഷികപൊതുയോഗം വിജയദശമി ദിവസം ശിവഗിരി മഠത്തില്‍ ചേര്‍ന്നു. ഗുരുദേവന്റെ സംന്യസ്ത ശിഷ്യപരമ്പര ഇതേ ദിവസം യോഗം കൂടണമെന്നത് ഗുരുവിന്റെ നിശ്ചയമാണ്. ആകെയുള്ള 59 ട്രസ്റ്റംഗങ്ങളില്‍ 45 പേരും യോഗത്തില്‍ സംബന്ധിച്ചു.
2023-2024 സാമ്പത്തിക വര്‍ഷത്തെ ആഡിറ്റ് ചെയ്ത കണക്കുകളും ബാലന്‍സ്ഷീറ്റും ആഡിറ്റ് റിപ്പോര്‍ട്ടും 2023 സെപ്റ്റംബര്‍ 1 മുതല്‍ 2024 ആഗസ്റ്റ് 31 വരെയുള്ള 97-ാമത് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും യോഗം ഐകണ്ഠേന പാസ്സാക്കി.
ഗുരുധര്‍മ്മം ശക്തമായും വ്യാപകമായും അന്തര്‍ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നതിന് ഒട്ടേറെ കര്‍മ്മ പരിപാടികള്‍ ശിവഗിരിമഠത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാനും ഗുരുധര്‍മ്മപ്രചരണ സഭയെ കൂടുതല്‍ വിപുലീകരിക്കാനും മാതൃസഭകളും യുവജനസഭകളും രൂപീകരിക്കാനും ഈ കാലയളവില്‍ ധര്‍മ്മസംഘത്തിന് സാധിച്ചു.
മഠത്തിന്റേയും ശാഖാനുബന്ധ സ്ഥാപനങ്ങളുടെയും സമഗ്രവികസനത്തിനു വിവിധ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാനായി. സമൂഹത്തിലെ നിരാലംബരായ ധാരാളം സാധുജനങ്ങള്‍ക്കും നിര്‍ദ്ധന കുടുംബങ്ങളിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ജീവകാരുണ്യ പദ്ധതിയായ ഗുരുനിധിയുടെ സഹായം നല്‍കിയും ആതുരസേവന രംഗത്ത് അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാകുംവിധം സജ്ജമാക്കിയും വിവിധ വിദ്യാഭ്യാസ പദ്ധതികളിലൂടെ ട്രസ്റ്റിന്റെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും 100% തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി വിദ്യയിലൂടെ സ്വതന്ത്രരാകണമെന്ന ഗുരുസന്ദേശത്തെ പരമാവധി പ്രായോഗികമാക്കിയും ആത്മീയമായും ഭൗതികമായും ഉള്ള ഉത്ക്കര്‍ഷത്തിലേക്ക് സമൂഹത്തെ നയിക്കാനും മഠത്തിനായി.
ആലുവ അദ്വൈതാശ്രമത്തില്‍ ഗുരുദേവന് 1924 ല്‍ സംഘടിപ്പിച്ച സര്‍വ്വമതസമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ കേരളത്തിന് അകത്തും പുറത്തും വിവിധ രാജ്യങ്ങളിലും സംഘടിപ്പിച്ചും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഏകീകരണത്തിനു മഠം നേതൃത്വം നല്‍കിയും ഗുരുവിന്റെ മതേതര സങ്കല്പം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനായി. ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും അഭ്യുദയത്തിനും ഗുരുദര്‍ശനത്തിന്റെ പ്രചരണവും സ്വാംശീകരണവും പ്രയോഗവത്ക്കരണവും മാത്രമാണ് ഇന്നത്തെയും എന്നത്തെയും ലോകത്തിന്റെ പ്രതീക്ഷയായിട്ടുള്ളതെന്നും ആ പ്രതീക്ഷയുടെ സാദ്ധ്യമാക്കലിന് ധര്‍മ്മസംഘം പരമാവധി പ്രയത്നിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഈ കാലയളവില്‍ സമാധി പ്രാപിച്ച ട്രസ്റ്റംഗങ്ങളായ സ്വാമി അസ്പര്‍ശാനന്ദ സ്വാമി മഹേശ്വരാനന്ദ എന്നിവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്റ്സച്ചിദാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ കൃതജ്ഞത രേഖപ്പെടുത്തി.
ചിത്രം : ശ്രീനാരായണ ധര്മ്മസംഘംട്രസ്റ്റിന്റെ 97-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്റ്സച്ചിദാനന്ദ സ്വാമി അധ്യക്ഷപ്രസംഗം നടത്തുന്നു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ സമീപം.
സ്വാമി ഋതംഭരാനന്ദ
ശിവഗിരി തീര്‍ത്ഥാടന
കമ്മിറ്റി സെക്രട്ടറി
92-ാമത് ശിവഗിരി തീര്ത്ഥാടനക്കമ്മിറ്റിയുടെ സെക്രട്ടറിയായി ധര്‍മ്മസംഘംട്രസ്റ്റ് ബോര്‍ഡ് അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയും ശിവഗിരി മെഡിക്കല്‍ മിഷന് ആശുപത്രി സെക്രട്ടറിയും ആയ സ്വാമി ഋതംഭരാനന്ദയേയും ജോയിന്റ് സെക്രട്ടറിയായി സ്വാമി വിരജാനന്ദഗിരിയെയും ട്രസ്റ്റ് ബോര്‍ഡ് യോഗം നിശ്ചയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: