ജെറുസലം: ‘ഇസ്രയേല്‍ മധ്യ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 29 ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ 19 പേരും ജബാലിയയില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ജബാലിയയെ ഇസ്രയേല്‍ സൈന്യം നാലുഭാഗത്തുനിന്നും വളഞ്ഞിരിക്കുകയാണ്. ഏതാണ്ട് നാലു ലക്ഷത്തിലേറെ പാലസ്തീന്‍കാര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ നിന്നും സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു.
ഗാസയുടെ ദക്ഷിണ മേഖലയിലുള്ള രണ്ടു പ്രദേശങ്ങളിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. ജബാലിയയിലും സമീപ പ്രദേശങ്ങളിലും ഡസന്‍ കണക്കിന് ഭീകരരെ വധിച്ചതായും ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തതായി കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ പറഞ്ഞിരുന്നു.
ശനിയാഴ്ച ഗാസ മുനമ്പില്‍ ഉടനീളം സേനയുടെ പ്രവര്‍ത്തനം തുടരുന്നതിനിടെ ടാങ്ക് വെടിവയ്പ്പിലും ക്ലോസ് റേഞ്ച് വെടിവയ്പ്പിലും വ്യോമാക്രമണത്തിലും നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പറഞ്ഞു. ഈ പ്രദേശത്ത് ഒരാഴ്ച മുമ്പ് സൈനിക നീക്കം ആരംഭിച്ചിരുന്നു. ആക്രമണം നടത്തുന്ന ഭീകരര്‍ക്കെതിരെ പോരാടാനും ഹമാസ് വീണ്ടും സംഘടിക്കുന്നത് തടയുകയുമാണ് ലക്ഷ്യമെന്ന് സൈന്യം പറഞ്ഞു. ഹമാസ് ഭീകരരെ തുരത്തുന്നതു വരെ പോരാട്ടം തുടരുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയുണ്ടായ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 150 പേര് കൊല്ലപ്പെട്ടതായിട്ടാണ് പാലസ്തീന് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനിടയില്‍ തെക്കന്‍ ലെബനനില്‍ വന്‍ തുരങ്കം കണ്ടെത്തിയതായി ഇസ്രയേല്‍ പ്രതിരോധ സൈന്യം (ഐഡിഎഫ്) അറിയിച്ചു. ഏഴ് മീറ്റര്‍ ആഴത്തിലുള്ളതാണ് ഈ തുരങ്കം. ഹിസ്ബുള്ള ഭീകരരുടെ ഒളിതാവളമായിരുന്നു ഇതെന്ന് ഐഡിഎഫ് പറഞ്ഞു. ഇന്നലെ നടത്തിയ ബോംബാക്രമണത്തില്‍ ഒരു മോസ്ക് തകരുകയും 15 ഹിസ്ബുള്ള ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണ പരമ്പരയിലാണ് ഒരു ചന്ത പൂര്‍ണമായി തകരുകയും ചെയ്തു.
അതേസമയം കൊടുംപട്ടിണിയില്‍ ആളുകള്‍ വീണ്ടും പലായനം ആരംഭിച്ചെന്നും സുരക്ഷിതമായ ഒരിടവും ഗാസയില്‍ ശേഷിക്കുന്നില്ലെന്നും പലസ്തീനും ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: