ആലപ്പുഴ: നിരോധിത മതഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെയും അതിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയുടെയും നേതാക്കളെയും പ്രവര്‍ത്തകരെയും നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ റാഞ്ചുന്നു. പിണറായി വിജയനുമായി തെറ്റിപ്പിരിഞ്ഞ അന്‍വര്‍ രൂപീകരിച്ച ഡിഎംകെ എന്ന സംഘടനയുടെ ജില്ലാ, പ്രാദേശികതല സമിതികള്‍ രൂപീകരിക്കുന്നതിനാണ് മതഭീകര സംഘടനകളിലെയും, ഐഎന്‍എല്‍ അടക്കമുള്ള മുസ്ലീം രാഷ്ട്രീയ സംഘടനകളുടെയം പ്രവര്‍ത്തകരെ അന്‍വറിന്റെ ആളുകള്‍ ബന്ധപ്പെടുന്നത്.
ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ഇതിനുള്ള ശ്രമങ്ങള്‍ അന്‍വര്‍ നേരിട്ടെത്തി തുടങ്ങി കഴിഞ്ഞു. എസ്ഡിപിഐയെയാണ് അന്‍വറിന്റെ നീക്കം വെട്ടിലാക്കിയിരിക്കുന്നത്. നിരോധനത്തോടെ പോപ്പുലര്‍ഫ്രണ്ട് നേരത്തെ അണികള്‍ കൂട്ടത്തോടെ ചേക്കേറിയത് സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളിലാണ്. എസ്ഡിപിഐക്കാള് സുരക്ഷിതത്വം ഈ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് വ്യക്തമായതോടെയാണ് ഈ കൂടുമാറ്റമുണ്ടായത്. ഇതിനിടെയാണ് നല്ല ഓഫറുകളുമായി അന്‍വറിന്റെ ആളുകള്‍ എസ്ഡിപിഐ ഉള്‍പ്പെടയുള്ള സംഘടനകളുടെ നേതാക്കളെ ബന്ധപ്പെടുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളും കുറെയേറെ അണികളും വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് ജയിലിലോ കോടതി വ്യവഹാരങ്ങളിലോ കുടുങ്ങി കിടക്കുന്നതിനാല്‍ എസ്ഡിപിഐയും പ്രതിസന്ധി നേരിടുന്നു. ആര്‍എസ്എസ്, മോദി വിരോധങ്ങള്‍ പറഞ്ഞ് അണികളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടി പുനസംഘടനയില്‍ പലയിടത്തും നേതൃനിരയിലേക്ക് വരാന്‍ അണികളില്‍ പലരും ധൈര്യപ്പെടുന്നില്ലത്രെ, അതിനാല്‍ മുന്‍ പിഎഫ്ഐ പ്രവര്‍ത്തകരെ നേതൃസ്ഥാനത്തില്‍ തിരുകി കയറ്റുകയോ അതുമല്ലെങ്കില്‍ മുന്‍ നേതാക്കളെ തന്നെ ഗത്യന്തരമില്ലാതെ വീണ്ടും അവരോധിക്കുകയും ചെയ്യേണ്ടി വരുന്നു.
ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എസ്ഡിപിഐക്കാര് മറ്റു പാര്‍ട്ടികളില്‍ അഭയം തേടുകയാണ്. അന്‍വറിന്റെ ഡിഎംകെയില്‍ നിന്ന് പ്രാദേശിക നേതാക്കള്‍ക്ക് ജില്ല, സംസ്ഥാന നേതൃപദവി നല്‍കാമെന്ന് വാഗ്ദാനങ്ങള്‍ വരുന്നത് എസ്ഡിപിഐയെ വീണ്ടും ആശയക്കുഴപ്പത്തിലേക്ക് തള്ളി വിടുന്നതായാണ് വിവരം.
പോപ്പുലര്ഫ്രണ്ടിനേക്കാള് ശക്തമായി മുസ്ലീം തീവ്രനിലപാടുകള്‍ പറയുന്ന ഡിഎംകെ, എസ്ഡിപിഐയെ തന്നെ വിഴുങ്ങാനുള്ള സാദ്ധ്യതയും ഏറെയാണ്.
തീവ്ര നിലപാടുള്ള ജമാ അത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫയര്‍പാര്‍ട്ടിയും വിവിധ ജില്ലകളില്‍ പ്രവര്‍ത്തനം ശക്തമാക്കാനുള്ള ശ്രമത്തിലാണ്. തീവ്രനിലപാടുകള്‍ ആളിക്കത്തിച്ചുള്ള ഇത്തരം സംഘടനകളുടെ മത്സര ബുദ്ധിയോടുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രരഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: