തിരുവനന്തപുരം: വയലാറും ഒഎന്‍വിയും ഒരിയ്ക്കല്‍ ഒരുമിച്ച് ഒരു സിനിമയില്‍ മത്സരിച്ച് പാട്ടെഴുതി. മെറിലാന്റ് സ്റ്റുുഡിയോ ഉടമയായ പി. സുബ്രഹ്മണ്യം നിര്‍മ്മിച്ച, അദ്ദേഹം തന്നെ സംവിധാനം ചെയ്ത “കുമാരസംഭവം”എന്ന പുരാണ സിനിമയില്‍ വയലാറും ഒഎന്‍വിയും മത്സരിച്ച് പാട്ടെഴുതേണ്ടി വന്നത് സുബ്രഹ്മണ്യത്തിന്റെ തന്നെ നിര്‍ബന്ധത്താലാണ്.
“വയലാര്‍-ദേവരാജന്‍ എന്ന ടീം സിനിമയില്‍ അപ്പോഴേക്കും സിനിമയില്‍ വന്നുകഴിഞ്ഞിരുന്നു..ഞാന്‍ അന്ന് നാടകത്തില്‍ ദേവരാജനുമായി സഹകരിച്ച് പാട്ടുകള്‍ എഴുതിയിരുന്നു. നിങ്ങള്‍ മൂന്നുപേരും (ദേവരാജന്‍, വയലാര്‍, ഒഎന്‍വി) കൂടി ഈ സിനിമയില്‍ യോജിച്ചാലെന്താ?മത്സരിച്ച് രണ്ടു പേരും പാട്ടെഴുതണം.”- സുബ്രഹ്മണ്യം അങ്ങിനെ ഒരു നിര്‍ദേശം വെച്ചതായി ഒഎന്‍വി പഴയൊരു അഭിമുഖത്തില്‍ പറയുന്നു.
വയലാറിന്റെയും ഒഎന്‍വിയുടെയും ഗാനങ്ങള്‍ ജനപ്രിയമായതിനാല്‍ ഇരുവരെയും ഒരുമിച്ച് ഒരു സിനിമയില്‍ അണിനിരത്തിയാല്‍ കൂടുതല്‍ ശ്രോതാക്കളുണ്ടാകും എന്ന ഒരു ബിസിനസ് ചിന്തയും സുബ്രഹ്മണ്യത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നിരിക്കണം. സിനിമയില്‍ കഥാപാത്രമായ നാരദന് പാടുന്ന പാട്ടാണ് വേണ്ടത്. സിനിമയില്‍ രണ്ടുപേരും മത്സരിച്ചെഴുതട്ടെ എന്ന് പറഞ്ഞ് നാരദന് ‘കുമാരസംഭവ’ത്തില്‍പാട്ടു പാടുന്ന രണ്ട് സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി.
വയലാര്‍ “ഓംകാരം …ഓംകാരം
ആദിമമന്ത്രം അനശ്വരമന്ത്രം” എന്ന പാട്ടെഴുതിയപ്പോള്‍ അന്ന് കോളെജില്‍ പഠിപ്പിക്കുകയായിരുന്ന ഒഎന്‍വി “പൊല്‍തിങ്കല്‍ക്കല പൊട്ടുതൊട്ട ഹിമവല്‍
ശൈലാഗ്രശൃംഗത്തില്‍ ” എന്ന പാട്ടാണ് എഴുതിയത്. ദേവരാജന്‍ മാസ്റ്റര്‍ രണ്ടു പാട്ടുകളും ട്യൂണ്‍ ചെയ്ത് സുബ്രഹ്മണ്യത്തെ കേള്‍പ്പിച്ചു. ഇത് കേട്ടിട്ട് :”സാറന്മാര് രണ്ട് പേരും സംസ്കൃതത്തില്‍ മത്സരിക്കുകയാണല്ലേ?” എന്ന് സുബ്രഹ്മണ്യം ചോദിച്ചു. അപ്പോള്‍, നാരദന് സംസ്കൃതമേ അറിയൂ അതിനാലാണ് സംസ്കൃതത്തില്‍ എഴുതിയത് എന്ന് വയലാറും ഒഎന്‍വിയും സുബ്രഹ്മണ്യത്തോട് പറഞ്ഞു. അല്പം മടിച്ചുമടിച്ചാണെങ്കിലും സുബ്രഹ്മണ്യം രണ്ട് പാട്ടും സിനിമയില്‍ ഉപയോഗിച്ചു.
ഓം ..ഓം..ഓം..
ഓംകാരം …ഓംകാരം
ആദിമമന്ത്രം അനശ്വരമന്ത്രം
നാദ ബ്രഹ്മ ബീജാക്ഷരമന്ത്രം…
വയലാറിന്റെ ഗാനം ഇങ്ങിനെ പോകുന്നു. ഓങ്കാരത്തെപ്പുറ്റി ഇതിലും നല്ല ഒരു ഗാനം മലയാളത്തില്‍ എന്ന് സംശയമാണ്. അത്രയ്ക്ക് ആഴത്തിലാണ് വയലാര്‍ ഭാരതീയ ആത്മീയ അന്തസത്തയായ ഓംകാരത്തെ ഈ പാട്ടിന്റെ വരികളില്‍ ആവാഹിച്ചിരിക്കുന്നത്.
ഒഎന്‍വിയുടെ ഗാനം ഹിമവാനെക്കുറിച്ചുള്ളതാണ്. ഹിമാലയത്തിന്റെ സൗന്ദര്യം വരികളില്‍ വാരിവിതറുകയാണ് ഒഎന്‍വി.
പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്‍
ശൈലാഗ്രശൃംഗത്തില്‍
വെണ്‍കൊറ്റപ്പൂങ്കുടപോല്‍ വിടര്‍ന്ന
വിമലാകാശാന്തരംഗങ്ങളില്‍
നൃത്യധൂര്‍ജ്ജടി ഹസ്തമാര്‍ന്ന
തുടിതന്നുത്താള ഡുംഡും രവം
തത്വത്തിന് പൊരുളാലപിപ്പു മധുരം
സത്യം – ശിവം – സുന്ദരം
സത്യശിവസൗന്ദര്യങ്ങള്‍ തന്
ഭദ്രപീഠമീ ശൈലം ശിവശൈലം
സത്യശിവസൗന്ദര്യം
ഇങ്ങിനെപ്പോകുന്നു ഒഎന്‍വിയുടെ ഗാനം. കല്യാണി രാഗത്തിലാണ് ദേവരാജന്‍ ഇത് ചിട്ടപ്പെടുത്തിയത്.
ആദിമഹസ്സുതെളിഞ്ഞൂ ഇവിടെ
ആനന്ദാമൃത ഗംഗയുണര്‍ന്നൂ
തപസ്സമാധിദലങ്ങള്‍ വിടര്‍ന്നൂ
താണ്ഡവകേളിയുണര്‍ന്നൂ – ഉണര്‍ന്നൂ – ഉണര്‍ന്നൂ
സത്യശിവസൗന്ദര്യങ്ങള്‍ തന്
ഭദ്രപീഠമീ ശൈലം ശിവശൈലം
സത്യം ശിവം സുന്ദരം
സത്യത്തിന്റെയും ശിവത്തിന്റെയും സൗന്ദര്യത്തിന്റെയും ഭദ്രപീഠമാണ് ശിവശൈലമാണ് ഹിമാലയം എന്ന സങ്കല്പവും ഒഎന്‍വി ഗാനത്തിന്റെ ചരണത്തില്‍ പങ്കുവെയ്ക്കുന്നു.
കുമാരസംഭവം എന്ന സിനിമ ഇറങ്ങിയപ്പോള്‍ രണ്ടു പാട്ടുകളും ഹിറ്റായെങ്കിലും കൂടുതല്‍ ജനപ്രിയ ഹിറ്റ് ഗാനമായത് ഒഎന്‍വിയുടേതാണ്. പിന്നീട് കേരളത്തില്‍ ഗാനമേളകളില്‍ ‘പൊല്‍തിങ്കള്‍ക്കല പൊട്ടുതൊട്ട’ എന്ന ഗാനം ഒഴിച്ചുകൂടാനാവാത്ത ഒന്നായി.
ആ ഗാനത്തെക്കുറിച്ച് ഒഎന്‍വി പറഞ്ഞത് കേള്‍ക്കുക:”ഈ പാട്ട് ഞാനെഴുതുമ്പോള്‍ ഹിമാലയം കണ്ടിട്ടില്ല. കാളിദാസന്റെ കുമാരസംഭവത്തിന്റെ ഒന്നാം സര്‍ഗ്ഗം വായിച്ചതില്‍ നിന്നും കണ്ടചിത്രമാണ് ഈ ഗാനത്തില്‍ ഉള്‍ക്കൊള്ളിച്ചത്. ഇതിന്റെ പാതി കോപിറൈറ്റ് കാളിദാസനാണ് കൊടുക്കേണ്ടത്”. ഹിമാലയം കാണാതെ ഹിമാലയത്തെ വരികളില്‍ ആവാഹിച്ചതാണ് ആ ഗാനത്തിന്റെ സവിശേഷത.
സുവര്‍ണ്ണ ചന്ദ്രനെ ഒരു പൊട്ടുപോലെ തൊട്ട് ഉയര്‍ന്ന് നില്ക്കുന്ന ഹിമവല്‍ കൊടുമുടി…എത്ര മനോഹരമായ ഹിമാലയദൃശ്യമാണ് ഓടിയെത്തുന്നത്.
“പ്രിയസഖി ഗംഗേ പറയൂ… പ്രിയമാനസനെവിടെ” എന്ന മറ്റൊരു ഒഎന്‍വി ഗാനവും ഈ സിനിമയിലുണ്ട്. അതും സൂപ്പര്‍ ഹിറ്റായി. എന്നാല്‍ അധികം വൈകാതെ കോളെജിലെ ലക്ചറര്‍ ജോലി കാരണം ഒഎന്‍വിക്ക് പാട്ടെഴുത്തിന് ബ്രേക്ക് ഇടേണ്ടിവന്നു. അന്ന് കോളെജില്‍ പഠിപ്പിക്കുന്നവര്‍ക്ക് പണം കിട്ടുന്ന മറ്റ് പണികള്‍ ചെയ്തുകൂടാ എന്ന നിയമം ഉണ്ടായിരുന്നു. ഒഎന്‍വി എന്ന നല്ലൊരു ഗാനരചയിതാവില്‍ നിന്നും ലഭിക്കേണ്ട ഒട്ടേറെ നല്ല ഗാനങ്ങള്‍ ഈ ബ്രേക്ക് കാലത്ത് മലയാളത്തിന് നഷ്ടമായി. പിന്നീട് വളരെ വൈകിയാണ് ഒഎന്‍വി ഗാനരചനാരംഗത്തേക്ക് തിരിച്ചു വരുന്നത്.
പക്ഷെ വയലാര്‍ സിനിമയിലേക്ക് പിന്നീട് പൂര്‍ണ്ണമായും തിരിഞ്ഞു. അധികം വൈകാതെ മദ്രാസില്‍ സ്ഥിരതാമസവുമാക്കി. മറ്റൊരര്‍ത്ഥത്തില്‍ സമ്പൂര്‍ണ്ണഗാനരചയിതാവായി മാറിയ വയലാറിലൂടെ മലയാളത്തിന് കൂടുതല്‍ തികവാര്‍ന്ന ഗാനങ്ങള്‍ ലഭിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: