തിരുവനന്തപുരം: ശബരിമല അയ്യപ്പ ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രമേ ഉണ്ടാകൂ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.മാലയിട്ട് എത്തുന്ന ഒരു ഭക്തനും ദര്‍ശനം കിട്ടാതെ തിരിച്ചുപോകുന്ന സാഹചര്യം ഉണ്ടാകില്ല. ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് വെര്‍ച്വല്‍ ക്യൂ തീരുമാനം ഏര്‍പ്പെടുത്തിയതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരക്ക് നിയന്ത്രിക്കാന്‍ സന്നിധാനത്തെ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി. ദര്‍ശനസമയം വെളുപ്പിന് മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് മൂന്നു മുതല്‍ രാത്രി 11വരെയുമായിരിക്കും. ശബരിമലയിലെത്തുന്ന ആളുകളുടെ ആധികാരിക രേഖയാണ് വെര്‍ച്വല്‍ക്യൂവിലൂടെ ലഭിക്കുന്നത്. വെര്‍ച്വല്‍ ക്യൂ ആണെങ്കില്‍ എത്ര ഭക്തര്‍ വരുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയും.
സ്പോട്ട് ബുക്കിംഗ് ആധികാരിക രേഖ അല്ല, സ്പോട്ട് ബുക്കിംഗ് ഉണ്ടാകും എന്ന് പ്രഖ്യാപിച്ചാല്‍ വെര്‍ച്വല്‍ ക്യൂയില്‍ ആരെങ്കിലും വരുമോ ? സ്പോട്ട് ബുക്കിംഗ് അധികരിച്ചാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വരും.
സ്പോട്ട് ബുക്കിംഗ് വഴി ലഭിക്കുന്ന രേഖകള്‍ ആധികാരികം അല്ല. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാതെ കൂടുതല്‍ ഭക്തര്‍ എത്തുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി. ഏപ്രില്‍ മാസം മുതല്‍ ഇതിനായുള്ള മുന്നൊരുക്കം തുടങ്ങിയിരുന്നു.
എന്നാല്‍ വെര്‍ച്വല്‍ ക്യൂ വഴി ഭക്തരെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആചാര സംരക്ഷണ സമിതി രംഗത്ത് എത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് തീരുമാനം അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും ആചാര സംരക്ഷണ സമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: