കൃണ്വന്തോ വിശ്വമാര്യം’ എന്ന ഋഷി വചനം സത്യമാക്കിത്തീര്‍ക്കാന്‍ ആദ്യമായി വേണ്ടത് ‘സ്വത്വം’ അഥവാ ദേശീയത്വം അഥവാ ഹിന്ദുത്വം സ്വന്തമാക്കുക എന്നതാണ്. ഹിന്ദുവിന്റെ ദൗത്യം ഏറ്റെടുത്തു ജീവിക്കുക എന്നതാണ്. ‘സ്വാതന്ത്ര്യം’ എന്നത് ‘സ്വത്വ’ത്തെയും ‘സ്വതന്ത്ര’ത്തേയും തിരിച്ചറിയുന്നവര്‍ക്കു മാത്രമേ സഫലമാക്കാന്‍ കഴിയൂ.
സമൂഹത്തില്‍ നമുക്കു മൂന്നുതരക്കാരെ കാണാം. ഒന്ന് സ്വജീവിതത്തെ മറന്നു മറ്റുള്ളവരെ ജീവിക്കാന്‍ സഹായിക്കുന്നവര്‍. ഇത് ന്യൂനപക്ഷമാണ്. (ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ന്യൂനപക്ഷമല്ല). എണ്ണത്തിന്റെ കുറവ് എന്നര്‍ത്ഥം. അതു മരത്തിന്റെ വേരു പോലെയാണ്. അതിനു മണ്ണിനടിയില്‍ നിശ്ശബ്ദമായി കഴിയാനാണ് താല്‍പ്പര്യം. പക്ഷേ വൃക്ഷത്തിന്റെ മുഴുവന്‍ കരുത്തിനും ആധാരം ഈ വേരുകളാണ്. ഈ ‘ക്രിയാത്മക ന്യൂനപക്ഷത്തെ’ വാര്‍ത്തെടുക്കാനാണ് സംഘം 1925-ല്‍ ആദ്യ ശാഖ തുടങ്ങിയത്. ആ വേരുകള്‍ ഇന്ന് ഭാരതത്തിലുടനീളം വ്യാപിച്ചു. അതിന്റെ പ്രഭാവം സമാജത്തിന്റെ വിവിധതലങ്ങളില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്.
‘യോഗക്ഷേമം വഹാമ്യഹം’ എന്നാണ് ഈശ്വരന്റെ ‘ഗ്യാരണ്ടി.’ അതായത് നേട്ടം കൈവരിച്ചാല്‍ മാത്രം പോര, നേടിയതിനെ നിലനിര്‍ത്തുകയും വേണം. അതിനായി സമാജത്തിന്റെ വിവിധ സ്ഥാപനങ്ങള്‍ (ഉദാഹരണത്തിന് വിദ്യാലയങ്ങള്‍, ആശുപത്രികള്‍, പത്രസ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍ തുടങ്ങി കൃഷി, വ്യവസായം മുതലായ സകല മേഖലകളിലും പരംവൈഭവത്തിന്റെ അമൃതധാര ചൊരിയണം. അതിനായി അത്തരം സ്ഥാപനങ്ങളുടെ നിയന്ത്രണം ഈ ‘ക്രിയാത്മക ന്യൂനപക്ഷത്തിന്റെ’ നിയന്ത്രണത്തില്‍ വരണം. അതിനായി സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളിലും സംഘചിന്ത വ്യാപരിപ്പിക്കേണ്ടതുണ്ട്. അതിനായി വിദ്യാര്‍ത്ഥി പരിഷത്ത്, വിശ്വഹിന്ദു പരിഷത്ത്, സേവാ ഭാരതി, മസ്ദൂര്‍ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ അതതു മേഖലകളില്‍ സ്വാധീനശക്തി വികസിപ്പിക്കുന്നു.
ഭരണകര്‍ത്താക്കളും സ്ഥാപനങ്ങളും സംഘാനുകൂലമായി ചിന്തിച്ചു തുടങ്ങിയാല്‍ പരംവൈഭവം വരുമെന്ന് സംഘം വ്യാമോഹിക്കുന്നില്ല. മേല്‍പ്പറഞ്ഞ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും രാഷ്ട്രോന്മുഖമായി എടുക്കുന്ന തീരുമാനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറുള്ള പൗരന്മാര് ആവശ്യമാണ്. നിയമമുണ്ടാക്കുന്നത് അതിനെ ലംഘിക്കാനും മറികടക്കാനുമാണ് എന്ന ചിന്ത വെച്ചുപുലര്‍ത്തുന്ന പൗരന്മാരുള്ളിടത്ത് എന്തു ധര്‍മവും നീതിയും നടപ്പിലാവാനാണ്? അതുകൊണ്ട് രാഷ്ട്രത്തേയും അതിലെ ജനതയേയും സ്നേഹിക്കാനും സേവിക്കാനും ഉള്‍ക്കരുത്തുള്ള ഒരു സമാജവും വേണം. ഈ സമാജപരിവര്ത്തനത്തിലൂടെയാണ് രാഷ്ട്രവികാസവും നിലനില്‍പ്പും സാദ്ധ്യമാവുക എന്ന് സംഘം വിശ്വസിക്കുന്നു. ഈ സമാജപരിവര്‍ത്തന കേന്ദ്രം വീടുകളാണ്. വീടുകളില്‍ നിന്നു വളര്‍ന്നുവരുന്ന യുവതീയുവാക്കള്‍ ഭാവി ഭാരതത്തിന്റെ സുരഭില പുഷ്പങ്ങളായി പരിലസിക്കേണ്ടതുണ്ട്. അവര്‍ ഭാരതത്തിന്റെ സംസ്കാരവും പാരമ്പര്യവും ദര്‍ശനങ്ങളും ഉള്‍ക്കൊണ്ട് ജീവിക്കുന്നവരാവണം. ഇതിനായി ‘കുടുംബ പ്രബോധന്‍’ എന്ന പദ്ധതി സംഘം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു. വീടുപോലെ നാടും വീടും എന്ന ബോധ്യപ്പെടുത്തുവാനായി പര്യാവരണ്‍, അഥവാ പ്രകൃതിയെ അറിഞ്ഞും സ്നേഹിച്ചും ജീവിക്കുക എന്ന ആശയവും നാം നാട്ടിലുടനീളം നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. അതുപോലെ ധര്‍മ്മജാഗരണ്‍, സമാജസമരസത, ഗോസേവ, ഗ്രാമവികാസ്, സ്വദേശീ സ്വഭാവം എന്നിവയിലും ശ്രദ്ധ ചെലുത്തുവാന്‍ സമാജം സന്നദ്ധമാകേണ്ടതുണ്ട്. സമാജത്തിലെ മറ്റു രണ്ടു ശക്തികള്‍ സുപ്തശക്തിയും സജ്ജനശക്തിയുമാണ് സുപ്തശക്തിയെ ഉണര്‍ത്തിയും സജ്ജനശക്തിയെ പ്രയോജനപ്പെടുത്തിയും നമ്മുടെ പ്രയാണം ലക്ഷ്യത്തിലേക്ക് അതിശീഘ്രമാക്കേണ്ടതുണ്ട്. ആ ‘കടമ്പയെ’, കടമയായി കണ്ട് കടന്നുചെന്ന്, കൈവഴികളാക്കി കാലൊച്ച കാതിലുണര്ത്തണം.
നൂറുവയസ്സ് ഒരു സംഘടനയെ സംബന്ധിച്ച് ബാല്യകാലമാണ് ബാല്യം കളിക്കാനും പഠിക്കാനുമുള്ള കാലമാണ്. എന്നാല്‍ അടുത്ത കാല്‍വയ്പ്പ് യുവത്വത്തിലേക്കുള്ളതാണ്. സമാജത്തെ പ്രശ്നമുക്തമാക്കുക എന്ന ഭാരിച്ച ചുമതല ഏറ്റെടുത്ത ശരീര മനോബുദ്ധികളുള്ള ചെറുപ്പക്കാരെ നാം സ്വപ്നം കാണുന്നു. അവരാണ് ഭാരതത്തെ പരംവൈഭവത്തിലേക്ക് ഉയര്‍ത്താന്‍ പോവുന്നത്. മഹര്‍ഷി അരവിന്ദഘോഷ് ഉദ്ഘോഷിച്ചതുപോലെ ഭാരതം അതിന്റെ അവസാന വാക്ക് ഇനിയും പറയുവാന്‍ പോകുന്നേ ഉള്ളൂ. ഈ വളര്‍ന്നുവരുന്ന യുവത ആ കര്‍ത്തവ്യം നിര്‍വ്വഹിക്കും. സമാധാനത്തിന്റേയും ശാന്തിയുടേയും ചിറകടിച്ച് ആ ഭാരത കപോതം വിശ്വവിഹായസ്സില്‍ പാറിപ്പറക്കും നിശ്ചയം!
(കുടുംബ പ്രബോധന്‍ സംസ്ഥാന ഗണാംഗം ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: